24 December Tuesday

ക്ലീൻ അജാനൂർ

ടി കെ നാരായണൻUpdated: Tuesday Oct 15, 2024

അജാനൂർ പഞ്ചായത്തിൽ നടന്ന ശുചിത്വ സാഗരം പ്രതിജ്ഞ

കാഞ്ഞങ്ങാട്‌ 
മാലിന്യ സംസ്കരണ മേഖലയിൽ സുസ്ഥിരമായ പ്രവർത്തനത്തിലൂടെ  മുന്നേറി അജാനൂർ പഞ്ചായത്ത്. 
കൃത്യമായ ആസൂത്രണത്തോടെയുള്ള ഒട്ടനവധി പദ്ധതികൾ ഈ രംഗത്ത്‌ പഞ്ചായത്തിൽ നടപ്പാക്കിവരുന്നു. നഗരസ്വഭാവമുള്ള പഞ്ചായത്തായതിനാൽ കൂടുതൽ അളവിൽ മാലിന്യം ദിനംപ്രതി ഇവിടെയുണ്ടാകുന്നു. 
 
പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ 
പഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപീകരിച്ച പദ്ധതിയാണ് ‘ക്ലീൻ ഊര് അജാനൂർ’ പദ്ധതി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്‌  പഞ്ചായത്തിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഈ പദ്ധതിയിലാണ് ഉൾപ്പെടുന്നത്. 
മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക,  വീടുകളിലും സ്ഥാപനങ്ങളിലും  കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം  ഉണ്ടാക്കുക, വലിച്ചെറിയൽ മുക്ത പഞ്ചായത്തായി മാറ്റുക, ജലാശയങ്ങൾ മലിനമാക്കുന്നത് തടയുക,  ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്തുനടപ്പാക്കുക എന്നിവയാണ്‌  പദ്ധതി ലക്ഷ്യമിടുന്നത്.
മുഴുവൻ വാർഡിലും ഹരിത കർമസേനയെ ഉപയോഗിച്ച്‌ കൃത്യമായ ഇടവേളകളിൽ  അജൈവമാലിന്യം ശേഖരിക്കുന്നു. 47 അംഗ ഹരിത കർമസേന പഞ്ചായത്തിനുണ്ട്.  2016 ലെ ഒന്നാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതകർമസേനയുടെ പ്രവർത്തനം ആ വർഷം തന്നെ പഞ്ചായത്തിൽ  ആരംഭിച്ചു. 
എട്ടു വർഷങ്ങൾക്കിപ്പുറം കാര്യക്ഷമമായ ഇടപെടലുകളിലൂടെ  സമൂഹത്തിന്റെ  അവശ്യഘടകമായി ഹരിത കർമസേന മാറിക്കഴിഞ്ഞു. പ്രതിമാസം ശരാശരി 20 മുതൽ 40 വരെ ടൺ  മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ച്, തരംതിരിച്ച്  പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ട ഗ്രീൻവേംസ് ഇക്കോ സൊലൂഷ്യൻസിന് കൈമാറുന്നത്.  
ഈ വർഷം ജനുവരി മുതൽ ഇതുവരെ 2,06,610 കിലോഗ്രാം മാലിന്യം  പഞ്ചായത്തിൽനിന്ന് നീക്കി.  എല്ലാ വാർഡിലും മിനി എംസിഎഫ്‌ സ്ഥാപിച്ചിട്ടുണ്ട്.  പഞ്ചായത്ത് തലത്തിൽ മാലിന്യം ശേഖരിച്ച് കൈമാറുന്നതിനായുള്ള എംസിഎഫ്‌ മാവുങ്കാലിൽ പ്രവർത്തിക്കുന്നു.   
 
തെളി ക്യാമ്പയിൻ
മുഴുവൻ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടപ്പിലാക്കിയ മാലിന്യ സംസ്കരണ ബോധവൽക്കരണ ക്യാമ്പയിനാണ് തെളി.  വിദ്യാലയങ്ങളിൽ നടക്കുന്ന മാലിന്യ സംസ്കരണ പദ്ധതികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരിക, മികച്ച മാലിന്യ സംസ്കരണ പ്രവർത്തനം ഏറ്റെടുക്കുന്ന വിദ്യാലയങ്ങൾക്ക് ശുചിത്വ പുരസ്‌കാരം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.  14 ഓളം വിദ്യാലയങ്ങളിൽ തെളി ക്യാമ്പയിൻ നടന്നു.
 പ്രൈമറി വിദ്യാർഥികൾക്കായി നടപ്പിലാക്കിയ മാലിന്യ സംസ്കരണ ബോധവൽക്കരണത്തിനുള്ള ദ്വിദിന അഭിനയ പരിശീലന പരിപാടിയും തിര എന്ന പേരിൽ സംഘടിപ്പിച്ചു.  46 വിദ്യാർഥികൾ പങ്കെടുത്തു.  
മുഴുവൻ വാർഡിലും എഡിഎസ് തലത്തിൽ നടന്ന മാലിന്യ സംസ്കരണ ബോധവൽക്കരണ പരിപാടിയാണ് മനം ക്യാമ്പയിൻ.  ക്യാമ്പയിനിലൂടെ കുടുംബശ്രീ പ്രവർത്തകർക്ക് ശുചിത്വമാലിന്യ സംസ്കരണത്തെക്കുറിച്ച്‌ ബോധവൽക്കരണവും  മാലിന്യങ്ങളുടെ തരംതിരിക്കൽ പരിശീലനവും നടന്നു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top