മാവേലിക്കര
ചെട്ടികുളങ്ങര –-ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമാണ സ്ഥലം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാംവാർഡിന്റെ ഭാഗത്ത് പാലം നിർമാണം നടക്കുന്ന പ്രദേശത്ത് ഇടതുവശത്തെ സർവീസ് റോഡിന്റെ വീതി കുറഞ്ഞു പോയതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെന്ന വിഷയം ഉന്നയിച്ച് പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും നിർമാണം തടഞ്ഞിരുന്നു. കാർഷികാവശ്യത്തിനായി കൊയ്ത്തുയന്ത്രം കൊണ്ടുപോകാനും മറ്റും തടസം ഉണ്ടാകുമെന്നതായിരുന്നു പ്രധാന ആശങ്ക.
പ്രശ്നം പരിഹരിക്കാൻ പാലത്തിന്റെ നടപ്പാത ഒഴിവാക്കി അഞ്ചുമീറ്റർ വീതി ലഭിക്കുന്ന രീതിയിൽ നിലവിലെ കമ്പികൾ മുറിച്ചുമാറ്റി നൽകാൻ മന്ത്രി നിർദ്ദേശിച്ചു. പാലത്തിന്റെ പകുതി വച്ച് നടപ്പാത നിർത്തി, പടികൾ താഴോട്ട് നിർമിച്ചു ക്രമപ്പെടുത്താനും പണി പൂർത്തീകരിക്കുന്ന മുറയ്‌ക്ക് അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കാനും മന്ത്രി നിർദ്ദേശിച്ചു. നിർമാണം തടസപ്പെടുത്തി നാട്ടിയ കൊടി മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച വിവിധ രാഷ്ട്രീയ പാർട്ടികൾ നീക്കി. ഡിസൈനിലെ മാറ്റങ്ങൾക്ക് ചീഫ് എൻജിനീയറുടെ അനുമതി അടിയന്തരമായി ലഭ്യമാക്കി നിർമാണം പുനരാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..