15 October Tuesday
മുഞ്ഞയ്‌ക്ക്‌ പിന്നാലെ കനത്ത മഴ

150 ഏക്കർ നെൽകൃഷി നശിച്ചു

വി പ്രതാപ്Updated: Tuesday Oct 15, 2024

ശക്തമായ മഴയിൽ പുന്നപ്ര തെക്ക് പഞ്ചായത്തിലെ പൊന്നാകരി പാടത്ത് നെല്ല് വീണപ്പോൾ

അമ്പലപ്പുഴ
മുഞ്ഞബാധയ്‌ക്ക്‌ പിന്നാലെ കനത്ത മഴയും വന്നത്‌ കർഷകർക്ക്‌ തിരിച്ചടിയായി.150 ഓളം ഏക്കർ നെൽകൃഷി നശിച്ചു. വെള്ളിയാഴ്‌ച കൊയ‍്ത്ത‍് ആരംഭിച്ച പാടത്താണ്‌ നെല്ല്‌ വീണത്‌. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ്‌ കണക്ക്‌. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 280- ഏക്കറുള്ള പൊന്നാകരി പാടത്തെ നെല്ലാണ് ശക്തമായ മഴയിൽ വീണടിഞ്ഞത്. 80ലേറെ കർഷകരാണ് ഇവിടെയുള്ളത്. 
ഒരുമാസം മുമ്പ് നെൽച്ചെടികൾക്ക് മുഞ്ഞ ബാധയേറ്റിരുന്നു. പല തവണ മരുന്നുകൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല. വിവരം കൃഷിവകുപ്പിനെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇവിടേയ്‌ക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് കർഷകർ പറഞ്ഞു. പ്രതിസന്ധിയെ അതിജീവിച്ച കർഷകരുടെ അധ്വാനമാണ് ഇപ്പോൾ കനത്ത മഴയിൽ വീണടിഞ്ഞത്. ഏക്കറിന് 30,000 മുതൽ 35,000 രൂപ വരെ മുടക്കിയാണ് കൃഷിയിറക്കിയത്. വായ്‌പയെടുത്താണ്‌ കൃഷി. കൊയ്തെടുക്കാനുള്ള യന്ത്രക്കൂലിയായി മണിക്കൂറിന് 1900 രൂപ നൽകണം. മികച്ച വിളവാണങ്കിൽ ഏക്കറിന് മൂന്ന്‌ ക്വിന്റൽ വരെ നെല്ല് കിട്ടുമായിരുന്നു. എന്നാൽ വീണടിഞ്ഞതിനാൽ ഒരുക്വിന്റലെങ്കിലും കിട്ടുമോയെന്ന ആശങ്കയാണ് കർഷകർക്ക്. മഴ ശക്തമായതോടെ യന്ത്രങ്ങൾ പാടത്ത്‌ താഴുമെന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്‌. ഈ സാഹചര്യത്തിൽ കൃഷി നാശത്തിനുള്ള ഇൻഷുറൻസ് തുകയ്‌ക്കൊപ്പം നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top