22 December Sunday
കടന്നു അതിദാരിദ്ര്യം

പാൽക്കടൽ കടഞ്ഞ‍്
തിരുമധുരം

അഞ്ജലി ഗംഗUpdated: Tuesday Oct 15, 2024
ആലപ്പുഴ
പാവപ്പെട്ടവരിൽ പാവങ്ങൾക്ക്‌ തണലൊരുക്കി സംസ്ഥാന സർക്കാർ മുന്നോട്ട്‌. അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങളെ ക്ഷീരവികസന വകുപ്പിന്റെ മിൽക്ക്‌ ഷെഡ്‌ ഡെവലപ്‌മെന്റ്‌ പദ്ധതിയിൽ പശു വളർത്തലിലൂടെയാണ്‌ സർക്കാർ കൈപിടിച്ചുയർത്തുന്നത്‌. അതിദരിദ്രർക്ക്‌ ഒരു കറവപ്പശുവിനെ നൽകുന്ന പദ്ധതിയിൽ ജില്ലയിൽ ഇതുവരെ ഗുണഭോക്താക്കളായത്‌ 19 പേർ. പഞ്ചായത്തുകളിൽ നടത്തിയ സർവേയിലുൾപ്പെട്ട അതിദരിദ്ര കുടുംബങ്ങൾക്ക്‌ ഉപജീവന മാർഗമായാണ്‌ പശുവിനെ നൽകുന്നത്‌. ഒരു പശു അടങ്ങുന്ന ഡയറി യൂണിറ്റ്‌ നിർമിച്ച്‌ കുടുംബങ്ങളുടെ ദാരിദ്ര്യം ലഘൂകരിക്കുകയാണ്‌ ലക്ഷ്യം. 
2022ൽ ആരംഭിച്ച പദ്ധതിയിൽ ആ വർഷം ജില്ലയിൽ ഒമ്പത്‌ പേർക്ക്‌ പശുവിനെ നൽകി. ഇതിലൂടെ കുടുംബങ്ങൾക്ക്‌ സ്ഥിരവരുമാനം ഉണ്ടാക്കാൻ സാധിച്ചതായി കണ്ടെത്തി. പദ്ധതി സംസ്ഥാന തലത്തിൽ വിജയിച്ചതോടെ 2023–-2024ലും തുടരുകയായിരുന്നു. അടുത്തഘട്ടത്തിൽ 10 പേർക്ക്‌ ധനസഹായം ലഭ്യമാക്കി. 2022 –-2023 കാലഘട്ടത്തിൽ  ഗുണഭോക്താക്കൾക്കായി 8,58,600 രൂപയും 2023-–- 24 കാലഘട്ടത്തിൽ  9,54,000 രൂപയുമാണ്‌ ധനസഹായമായി നൽകിയത്‌. പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്‌ 18.1 ലക്ഷം രൂപ. 2024- –-25 സാമ്പത്തിക വർഷത്തിൽ  മുൻ വർഷങ്ങളിലെ ഗുണഭോക്താക്കൾക്ക് ഡെയറി യൂണിറ്റിന്‌ തുടർ സഹായം എന്ന നിലയിൽ 8100 രൂപയും നൽകും. ഒരുവർഷത്തെ കാലിത്തീറ്റയും മരുന്നുകൾക്കും സർക്കാർ അനുവദിക്കുന്ന തുകയാണിത്‌. 2024–- 2025 ഘട്ടത്തിൽ നാല്‌ ഗുണഭോക്താക്കളെയാണ്‌ കണ്ടെത്തിയത്‌.  
പദ്ധതി ഇങ്ങനെ
സാധുക്കളിൽ സാധുക്കൾക്ക്‌ ഒരു കറവപ്പശുവിനെ വാങ്ങാനും വളർത്താനുമാണ്‌ സാമ്പത്തിക സഹായം നൽകുന്നത്‌. ഗുണഭോക്താവ് 1,06,000 രൂപ മുടക്കി ഒരു പശു ഡെയറി യൂണിറ്റ് സ്ഥാപിക്കുമ്പോൾ  90 ശതമാനം സബ്സിഡി തുകയായ 95,400 രൂപ സർക്കാർ നൽകും. ഇതിനാൽ ഗുണഭോക്താവിന് കാര്യമായ മുതൽ മുടക്കില്ല.  മുൻകൂർ തുക മുടക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ പരിധിയിലുള്ള ക്ഷീരസംഘം തുക ചെലവാക്കി പദ്ധതി പൂർത്തികരിക്കാൻ സഹായിക്കും. പിന്നീട്‌ സബ്‌സിഡി തുക  സംഘത്തിന്റെ അക്കൗണ്ടിലേയ്ക്ക് സർക്കാർ മാറി നൽകും. 
  ഗുണഭോക്താവിന്‌ സാമ്പത്തിക ബാധ്യത വരാത്തതാണ്‌ പദ്ധതിയുടെ പ്രത്യേകത. ഇൻഷുറൻസ്‌, പശു വളർത്തലിനുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക്‌ എല്ലാം കൂടിയാണ്‌ തുക അനുവദിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top