16 October Wednesday
ഹാജർനില കുറവ്‌

തൊഴിലാളികൾക്ക് ഇഎസ്ഐ 
ചികിത്സ നിഷേധിക്കരുത്: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
നിശ്ചിതതൊഴിൽ ദിനങ്ങൾ ലഭ്യമല്ല എന്നതിന്റെ പേരിൽ ഇഎസ്ഐ ഗുണഭോക്താക്കളായ തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നത്‌ ഇഎസ്ഐ കോർപറേഷനും കേന്ദ്ര സർക്കാരും തിരുത്തണമെന്ന് സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യത്തിന് തോട്ടണ്ടി ലഭ്യമല്ലാത്തതിനാൽ തൊഴിൽ ദിനങ്ങൾ കുറയുന്നത് തൊഴിലാളികളുടെ കുറ്റമല്ല. അതിന്റെ പേരിൽ സമൂഹത്തിലെ പിന്നാക്ക അവസ്ഥയിലുള്ള സ്ത്രീകളും ദരിദ്രരുമായ തൊഴിൽ വിഭാഗങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന നടപടി മനുഷ്യത്വരഹിതമാണ്. കേന്ദ്രസർക്കാർ സഹായം പൂർണമായി നിഷേധിക്കുന്നതും കശുവണ്ടി മേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്‌. കേരളത്തിൽനിന്നുള്ള പാർലമെന്റ്‌ അംഗങ്ങൾപോലും ഇത്‌ കണ്ടില്ലെന്ന് നടിക്കുന്നെന്നും പ്രമേയത്തിൽ പറഞ്ഞു. 500കോടി രൂപയുടെ പാക്കേജ്‌ എങ്കിലും കശുവണ്ടി മേഖലയ്ക്കായി ഉടൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന്‌ കൗൺസിൽ ആവശ്യപ്പെട്ടു. 
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ജനറൽ കൗൺസിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ജയമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, മുതിർന്ന നേതാവ് എൻ പത്മലോചനൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നെടുവത്തൂർ സുന്ദരേശൻ, പി സജി, സംസ്ഥാന സെക്രട്ടറിമാരായ കെ എസ് സുനിൽകുമാർ, എസ് ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗം എസ് സുദേവൻ, ടി മനോഹരൻ, എ സഫറുള്ള, കെ ജി ബിന്ദു എന്നിവർ സംസാരിച്ചു. എ എം ഇക്ബാൽ സ്വാഗതവും ജി ആനന്ദൻ നന്ദിയും പറഞ്ഞു. കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലെയും പ്ലാന്റേഷൻ മേഖലയിലെയും പ്രശ്നങ്ങളിൽ തുടർസമരങ്ങൾ സംഘടിപ്പിച്ച് സർക്കാർ ഇടപെടലുകൾ ഉറപ്പുവരുത്താനും തൊഴിലാളികൾക്കിടയിൽ പഠനപ്രവർത്തനങ്ങളും ജില്ലയിൽ പാലിയേറ്റീവ്, പരിസ്ഥിതി, യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സജീവമാക്കാനും കൗൺസിൽ തീരുമാനിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top