തൃക്കരിപ്പൂർ
കോറസ് കലാസമിതി സംഘടിപ്പിക്കുന്ന പതിനൊന്നാമത് എൻ എൻ പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു. നാടക മത്സരം ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഉദിനൂർ ബാലഗോപാലൻ അധ്യക്ഷനായി. നടൻ ജോജു ജോർജ് മുഖ്യാതിഥിയായി. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള സ്മാരക പുരസ്‌കാരം പയ്യന്നൂർ മുരളി ഏറ്റുവാങ്ങി.
സിനിമാനടൻ ബോബി കുര്യൻ, ഇ കുഞ്ഞിരാമൻ, പി പി കുഞ്ഞികൃഷ്ണൻ, പി പി പ്രസന്നകുമാരി, കെ മോഹനൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച സാജൻ മാണിയാട്ട്, അക്ഷയ് പ്രകാശ്, യദുനന്ദ്, ഋതുനന്ദ്, കെ വി ആകാശ്, ഹാർഷിക് മോഹൻ, വൈശാഖ്, ഡോ. സനൽരാജ്, ടി പി ശ്രീധന്യ, ശ്രേയലക്ഷ്മി, പി ദേവിക, കെ അഭിഹർഷ്, എ ശ്രീലക്ഷ്മി എന്നിവരെ അനുമോദിച്ചു. ആദ്യ ദിനം കൊല്ലം കാളിദാസയുടെ അച്ഛൻ നാടകം അരങ്ങേറി.
വനിതാവേദിയുടെ സംഗീത ശില്‌പത്തോടെയാണ് നാടക മത്സരത്തിന് തുടക്കമായത്. എട്ട് മത്സര നാടകങ്ങളും കോറസ് കലാസമിതി അവതരിപ്പിക്കുന്ന എൻ എൻ പിള്ളയുടെ കണക്ക് ചെമ്പകരാമൻ പ്രദർശന നാടകവും ഉണ്ടാവും. തെക്കേക്കാട് അജയകലാനിലയത്തിൽനിന്നും നാടക ജ്യോതി പ്രയാണം ആരംഭിച്ചു. ദിവസവും വൈകിട്ട് ഏഴിന് കലാരംഗത്തെ പ്രഗത്ഭർ കളിവിളക്ക് തെളിയിക്കും. വെള്ളിയാഴ്‌ച തിരുവനന്തപുരം നവോദയുടെ കലുങ്ക് നാടകം അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..