നീലേശ്വരം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് ദുരന്തത്തിന്റെ കണ്ണീരിനിയും തോരുന്നില്ല. തുലാവർഷ മഴ പോലെ അത് തുടരുന്നു; ഇടിമിന്നലാകുന്നു. കണ്ണൂരിൽ സ്വകാര്യാശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി സി പത്മനാഭൻ (75) കൂടി മരിച്ചതോടെ മരണസംഖ്യ ആറായി. അപകടം നടന്നിട്ട് രണ്ടാഴ്‌ച പിന്നിട്ടിട്ടും മരണസംഖ്യ കൂടുന്നത് നാട്ടുകാരെയും, അപകടത്തിൽ പെട്ടവരുടെ വീട്ടുകാരുടെയും ആധി കൂട്ടി. ഇനിയും അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.
നീലേശ്വരം ലയൺസ് ക്ലബ്, ബിഎഡ് കോളേജ് എന്നിവയിൽ സജീവ പ്രവർത്തകനായിരുന്നു അന്തരിച്ച പത്മനാഭൻ. അപകടസ്ഥലത്തിന്റെ തൊട്ടടുത്ത പ്രദേശമാണ് തേർവയൽ. ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. കിനാനൂരിലെ കെ വി രജിത്ത് (28), ചെറുവത്തൂർ ഓർക്കളത്തെ ഷബിൻ രാജ്, കൊല്ലമ്പാറ മഞ്ഞളംകാട്ടെ കെ ബിജു (38), കിനാനൂരിലെ രതീഷ്, ചോയ്യങ്കോട് കിനാനൂർ റോഡിലെ സി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് അഞ്ചുപേർ. കുടുംബങ്ങൾക്ക് സർക്കാർ നാലുലക്ഷം രൂപ നൽകുന്നുണ്ട്. ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവും സർക്കാരാണ് വഹിക്കുന്നത്.
ഐസിയുവിൽ ഇനിയും
5 പേർ
കാസർകോട്
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഇനിയും വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത് 37 പേർ. അഞ്ച് പേർ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മംഗളൂരു എ ജെ ആശുപത്രിയിലാണ് അഞ്ചുപേർ ഐസിയുവിൽ ചികിത്സ തുടരുന്നത്. മംഗളൂരു എ ജെ ആശുപത്രി 24, കണ്ണൂർ ആസ്‌റ്റർ മിംസ് 5, കോഴിക്കോട് മിംസ് 3, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് 2, മംഗളൂരു ഫാദർ മുള്ളേഴ്‌സ് 1 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..