23 December Monday

ഭീമനടിയിൽ മുൻസിഫ് കോടതി അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

സിപിഐ എം എളേരി ഏരിയാ സമ്മേളനത്തിന്റെ സമാപനംകുറിച്ച്‌ കൂരാംകുണ്ട് കേന്ദ്രീകരിച്ച് നടന്ന പ്രകടനം

 ഭീമനടി

ഭീമനടിയിൽ മുൻസിഫ് കോടതി അനുവദിക്കണമെന്ന് സിപിഐ എം എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. താലൂക്കടിസ്ഥാനത്തിൽ മുൻസിഫ് കോടതി വേണമെന്ന നിർദേശം നിലവിലുണ്ട്. വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മുൻസിഫ് കോടതി വന്നിട്ടില്ല. മലയോരത്തെ ജനങ്ങൾ  ഇപ്പോഴും കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാടെത്തണം. നിലവിൽ ഭീമനടിയിൽ ഗ്രാമന്യായാലയ പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതിയ ഭാരതീയ നിയമസംഹിത പ്രകാരം കേസുകൾ നിലനിൽക്കില്ല. ഈ സാഹചര്യത്തിൽ മുൻസിഫ് കോടതി ഭീമനടിയിൽ അനിവാര്യമാണെന്ന് പ്രമേയത്തിൽ പറഞ്ഞു. 
എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിൽ ആധുനിക കോഴ്സുകൾ അനുവദിക്കുക, കാട്ടുപന്നികളെ വെടിവച്ച് കൊന്നശേഷം ഭക്ഷ്യയോഗ്യമായ മാംസം ലേലം ചെയ്ത് പൊതു ഖജനാവിൽ മുതൽ കൂട്ടുന്നതിന് പകരം മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുന്ന അശാസ്ത്രീയ നിയമം പരിഷ്കരിക്കുക, മലയോര ഹൈവേ പ്രവൃത്തി ഉടൻ പൂർത്തിയാക്കുക, പഞ്ചായത്ത് കേന്ദ്രങ്ങളിൽ കളിക്കളം നിർമിക്കുക, കൊന്നക്കാട് എളേരി, മാങ്ങോട് എടത്തിലവളപ്പ് കുന്നുംകൈ വഴി നീലേശ്വരത്തേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കുക, വിലങ്ങ് കണ്ണംകുന്ന് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പൂർത്തിയാക്കുക, കൂളിപ്പാറ കുടിവെള്ള പദ്ധതി പൂർത്തിയാക്കുക, കാലിക്കടവ് കുറുഞ്ചേരി പാലാന്തടം പരപ്പച്ചാൽ ബൈപാസ് റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യുക, ഭീമനടി ഗവ. വനിത ഐടിഐക്ക് കെട്ടിടം പണിയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 
സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക്  മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനും ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനനും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി ടി കെ സുകുമാരനും മറുപടി പറഞ്ഞു. കെ പി നാരായണൻ പ്രമേയം അവതരിപ്പിച്ചു. 
പി വി അനു ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം രാജഗോപാലൻ എംഎല്‍എ, സാബു അബ്രഹാം, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്  എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കുവേണ്ടി പി എം മത്തായിയും പ്രസീഡിയത്തിനുവേണ്ടി കെ സി സാബുവും നന്ദി പറഞ്ഞു. 
വൈകിട്ട് കൂരാംകുണ്ട് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. പ്ലാച്ചിക്കര കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. ടി കെ സുകുമാരൻ സ്വാഗതം പറഞ്ഞു. 
 
എ അപ്പുക്കുട്ടൻ സെക്രട്ടറി
പ്ലാച്ചിക്കര
എ അപ്പുക്കുട്ടൻ സെക്രട്ടറിയായി 17 അംഗ ഏരിയ കമ്മിറ്റിയെ  സിപിഐ എം എളേരി ഏരിയ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സി ജെ സജിത്ത്,  ടി കെ സുകുമാരൻ, ടി പി തമ്പാൻ, സ്കറിയ അബ്രഹാം, പി കെ മോഹനൻ, കെ പി നാരായണൻ, പി വി അനു, കെ സി സാബു, എൻ വി ശിവദാസൻ, ടി കെ ചന്ദ്രമ്മ,  പ്രസീത രാജൻ, എം ജി രാമചന്ദ്രൻ, സി വി ഉണ്ണികൃഷ്ണൻ, എ വി രാജേഷ്, എം എൻ പ്രസാദ്, രമ്യ മധു എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. 15 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top