കണ്ണപുരം
ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച തെരുവുനായ ആശാവർക്കറുടെ അടിയന്തര ഇടപെടലിൽ ജീവിതത്തിലേക്ക്. കണ്ണപുരം പഞ്ചായത്തിലെ 14-ാം വാർഡ് ആശാവർക്കർ ഇടക്കേപ്പുറം പടിഞ്ഞാറ് ജനകീയ വായനശാലക്കടുത്ത എൻ പ്രീതയാണ് തെരുവുനായയ്‌ക്ക് കരുതലിന്റെ കരംനീട്ടിയത്. ശസ്‌ത്രക്രിയയിലൂടെ മുഴയും ഗർഭപാത്രവും നീക്കംചെയ്‌ത നായ സുഖം പ്രാപിക്കുന്നു.
സ്‌തനത്തിൽ ട്യൂമർ ബാധിച്ച് നടക്കാനോ ഭക്ഷണം തേടാനോ കഴിയാതെ തെരുവുനായ ഒരു നാടിന്റെ സങ്കടമായി മാറിയിട്ട് നാളുകളായി. ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം തൂങ്ങിയാടുന്ന ട്യൂമറുമായി കഴിയുന്ന നായയുടെ അവസ്ഥ കരളലിയിക്കുന്നതായിരുന്നു. ആരെങ്കിലും നൽകുന്ന ലഘുഭക്ഷണത്തിലാണ് ജീവൻ നിലനിർത്തിയത്.
അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ട്യൂമർ പൊട്ടി അപകടാവസ്ഥയിലാകുമെന്ന് വിദഗ്‌ധോപദേശം കിട്ടിയതോടെ പ്രീത ഡോക്ടർമാരെയും മൃഗപരിപാലകരെയും സമീപിച്ചു. ഒടുവിൽ ഒരു സംഘം ശസ്‌ത്രക്രിയക്ക് സന്നദ്ധതയറിയിച്ചെങ്കിലും സാമ്പത്തിക ബാധ്യത തടസമായി. കണ്ണപുരം പഞ്ചായത്ത്, ചെറുകുന്ന്തറ എഫ്എച്ച്സിയിലെ ജീവനക്കാർ, ഹോമിയോ -–- ആയുർവേദ ഡോക്ടർമാർ, ജീവനക്കാർ, സ്ഥലംമാറിപ്പോയവർ എന്നിവരെല്ലാം സഹായവുമായെത്തി. ചികിത്സയ്‌ക്കാവശ്യമായതിന്റെ പകുതിയോളം തുക സഹായമായി ലഭിച്ചു. ബാക്കി പ്രീത സ്വന്തംനിലയ്‌ക്കും ചെലവാക്കി.
കണ്ണൂരിലെത്തിച്ചാണ് നായയുടെ ശസ്‌ത്രക്രിയ നടത്തിയത്. ട്യൂമർ ഗർഭപാത്രത്തിലേക്ക് വ്യാപിച്ചതിനാൽ ഗർഭപാത്രവും നീക്കം ചെയ്തു. തളിപ്പറമ്പിനടുത്തുള്ള മൃഗപരിപാലകന്റെ പരിചരണത്തിലാണിപ്പോൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..