15 November Friday

സ്ഥിരംസമിതി അധ്യക്ഷയിൽനിന്ന്‌ 
പ്രസിഡന്റ് പദവിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞക്കുശേഷം കെ കെ രക്തനകുമാരിയെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിവാദ്യംചെയ്യുന്നു

 കണ്ണൂർ 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരി അധികാരമേറ്റു. വരണാധികാരി ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനുശേഷം അംഗങ്ങളും വിവിധ രാഷ്‌ട്രീയപാർടി നേതാക്കളും അനുമോദിച്ചു. 
വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യനാണ്‌ രത്നകുമാരിയുടെ പേര്‌ നിർദേശിച്ചത്‌. വി കെ സുരേഷ്‌ ബാബു പിന്താങ്ങി. യുഡിഎഫ്‌ സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോയുടെ പേര്‌ തോമസ്‌ വക്കത്താനം നിർദേശിച്ചു. പി ആബിദ പിന്താങ്ങി. രത്നകുമാരിക്ക്‌ 16 വോട്ടും ജൂബിലി ചാക്കോക്ക്‌ ഏഴ്‌ വോട്ടും ലഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, കെ വി സുമേഷ് എംഎൽഎ,  സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ, കെ സുരേശൻ, വി കെ ഗിരിജൻ, കെ പി സുധാകരൻ തുടങ്ങിയവർ അനുമോദിക്കാനെത്തി. ബിനോയ്‌ കുര്യൻ ഹാരാർപ്പണം നടത്തി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു രത്‌നകുമാരി. പരിയാരം ഡിവിഷനിൽനിന്നാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌. സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗമാണ്‌. ചെങ്ങളായി പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിൽ പത്തുവർഷം തിളക്കമാർന്ന പ്രവർത്തനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ശ്രീകണ്‌ഠപുരം ഏരിയാ പ്രസിഡന്റുമാണ്‌. തളിപ്പറമ്പ്‌ ബാറിലെ അഭിഭാഷകയായിരുന്നു. കൊയ്യം സ്വദേശിനിയാണ്. ഭർത്താവ്: കെ കെ രവി (റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: ആനന്ദ് രവി (അധ്യാപകൻ, മുത്തേടത്ത് ഹൈസ്കൂൾ), നന്ദന രത്ന.
 
പദ്ധതികൾ സമയബന്ധിതമായി 
പൂർത്തിയാക്കും
ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി ഏറ്റെടുത്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ കെ കെ രത്‌നകുമാരി പറഞ്ഞു. ഒരു വർഷത്തോളമാണ്‌ ഇനി കാലാവധിയുണ്ടാവുക. നൂതനമായ പദ്ധതികൾ ഏറ്റെടുക്കും. ജില്ലയുടെ സമഗ്ര വികസനമാണ്‌ ലക്ഷ്യം. കൂട്ടായ പ്രവർത്തനത്തിലൂടെ പദ്ധതികൾ പൂർത്തിയാക്കും. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച്‌ മുന്നോട്ടുപോകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top