22 December Sunday

ടേണിങ് പോയിന്റ്‌ എഡ്യു എക്സ്പോ തുടങ്ങി പുത്തനുണർവിന്റെ ജാലകം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കണ്ണൂർ ഗവ. എൻജിനിയറിങ് 
കോളേജിൽ ടേണിങ് പോയിന്റ്‌ എഡ്യുഎക്സ്പോ 
ഉദ്ഘാടനംചെയ്തശേഷം നടി അന്ന ബെൻ എം വി ഗോവിന്ദൻ എംഎൽഎ, 
സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ തുടങ്ങിയ വിശിഷ്ടാതിഥികൾക്കും 
വിദ്യാർഥികൾക്കും പ്രതിനിധികൾക്കുമൊപ്പം സെൽഫിയെടുക്കുന്നു. ചിത്രം സുമേഷ് കോടിയത്ത്

 തളിപ്പറമ്പ്‌   

നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ തുടങ്ങി.  കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടി അന്ന ബെൻ ടേണിങ് പോയിന്റ്‌ മൂന്നാം എഡിഷൻ ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി.   സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, കെഎസ്ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു. കനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ വി കെ ശ്രീകാന്ത്, സമഗ്ര വിദ്യാഭ്യാസ പദ്ധതി തളിപ്പറമ്പ് മണ്ഡലം കോ–-ഓഡിനേറ്റർ ഡോ. കെ പി രാജേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ സ്വാഗതവും കൺവീനർ കെ സി സുനിൽ നന്ദിയും പറഞ്ഞു. എക്‌സ്‌പോ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു.
 തളിപ്പറമ്പ്‌ മണ്ഡലം വികസനസമിതി കൺവീനർ കെ സന്തോഷ്, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ പ്രമീള. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ്, പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി സി അനിത, സിജി ആൻഡ് എസി സംസ്ഥാന കോ ഓഡിനേറ്റർ അസീം, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഫോക്ലോർ അക്കാദമി ചെയർമാൻ എ വി അജയകുമാർ, പി കെ ശ്യാമള, ഡോ. കെ എൻ രാജേഷ്, ഇ സി വിനോദ്, മനോജ്കുമാർ, ജാൻസി ജോൺ, എൻ കെ അനൂപ്കുമാർ, പി ഒ മുരളീധരൻ, എൻ അനിൽകുമാർ, വിജേഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന് ‘സിവിൽ സർവീസ്’ വിഷയത്തിൽ സന്തോഷ് ബാബു,  ‘കോമേഴ്സ് ആൻഡ്‌ മാനേജ്മെന്റ്‌ സ്റ്റഡീസ്’  വിഷയത്തിൽ കരിയർഗുരു എം എസ് ജലീൽ, ‘സ്റ്റാർട്ടപ്പുകളും സംരംഭകത്വവും’ വിഷയത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക, പത്താംതരത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ച്‌ അൻവർ മുട്ടാഞ്ചേരി,  ‘ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസവായ്പ സാധ്യതകളും’  വിഷയത്തിൽ പി കെ അനിൽകുമാർ, എം കെ നിതിൻ എന്നിവർ ക്ലാസെടുത്തു.  വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷയും നടന്നു.
    എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമായാണ് ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്.
വിവിധ സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 20 സ്‌റ്റാളും  എക്സ്പോയിലുണ്ട്.
 
തളിപ്പറമ്പ്‌
അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഒരു വിദ്യാർഥിയും തോൽക്കാത്ത മണ്ഡലമായി തളിപ്പറമ്പ് മാറുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. ഡിജിറ്റൽ സാക്ഷരതനേടിയ ഇന്ത്യയിലെ ആദ്യ മണ്ഡലമെന്ന ഖ്യാതിക്കൊപ്പം ഇതുംകൂടി ചേർത്തുവയ്‌ക്കാമെന്നും അദ്ദേഹം പറഞ്ഞു. ടേണിങ് പോയിന്റ്‌ എഡ്യു എക്സ്പോ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പണമൂലധനത്തെ അടിസ്ഥാനമാക്കിയല്ല, വിജ്ഞാനമൂലധനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യം. തൊഴിലില്ലായ്മ ഉൾപ്പെടെ പരിഹരിക്കാൻ ഇതിലൂടെ കഴിയുന്നു. തൊഴിൽ നേടുന്നതിന് മാത്രമല്ല വ്യക്തിവികാസത്തിനുള്ള ഊർജവും സാമൂഹ്യജീവിതത്തിനുള്ള കരുത്തും പകരാൻ ഉതകുന്നതാകണം വിദ്യഭ്യാസം. ഏറ്റവുമധികം പലിശ കിട്ടുന്ന നിക്ഷേപം അറിവാണ്. ഏറ്റവുംവലിയ സമ്പാദ്യമെന്നത് അറിവാണെന്ന് തിരിച്ചറിയാനാവണം. അതിനെ വിപുലമാക്കാനുള്ളതാകണം വിദ്യാഭ്യാസം. വളരാത്ത ഒരു അറിവും അറിവല്ല. വിദ്യാർഥികളുടെ സ്വതസിദ്ധമായ ശേഷിയെ പരിപോഷിപ്പിച്ച് ശരിയായ ദിശാബോധം നൽകലാണ് ടേണിങ് പോയിന്റിന്റെ ലക്ഷ്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തളിപ്പറമ്പ് 

ജീവിതത്തിൽ ഒന്നല്ല പല പല ടേണിങ് പോയിന്റുകൾ  ഉണ്ടാകുമെന്ന് നടി അന്ന ബെൻ പറഞ്ഞു. അവയെയെല്ലാം അഭിമുഖീകരിച്ച്  ധൈര്യത്തോടെ തരണം ചെയ്യണം. എം വി ഗോവിന്ദൻ എംഎൽഎ സംഘടിപ്പിക്കുന്ന ടേണിങ് പോയിന്റ്‌ എക്സ്പോ എല്ലാവരും അനുകരിക്കേണ്ട മാതൃകയാണ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും നിരവധി ടേണിങ് പോയിന്റ്‌സ്‌ ഉണ്ടാവട്ടെ എന്നും അവർ ആശംസിച്ചു. ടേണിങ്  പോയിന്റ്‌ എഡ്യു എക്സ്പോ  ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top