കൽപ്പറ്റ
വയനാട് – -കണ്ണൂർ ജില്ലക്കാർക്ക് ആശ്വാസമേകി പേര്യ–-നിടുംപൊയിൽ ചുരം റോഡ് തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ് നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്. ചൊവ്വാഴ്‌ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്‌ചകൂടി പിന്നിട്ടാൽ വലിയ വാഹനങ്ങളടക്കം കടന്നുപോകുംവിധം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. വിള്ളലുണ്ടായ മുഴുവൻ ഭാഗത്തെയും മണ്ണ് പത്ത് മീറ്ററോളം താഴ്ത്തി അടിത്തറയൊരുക്കി റോഡ് പുതുക്കിപ്പണിയുകയായിരുന്നു. സംരക്ഷണ ഭിത്തിയുടെ നിർമാണവും ഏതാണ്ട് പൂർത്തിയായി. പ്രതലം നിരപ്പാക്കുന്ന പണി ഞായറാഴ്‌ച പൂർത്തിയാവും. ടാറിങ് പണികൾ പിന്നീട് നടത്തും. ചന്ദനത്തോട് മുതൽ നിടുംപൊയിൽവരെ 12 കിലോമീറ്റർ ദൂരം പൂർണമായി റീ ടാറിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ചൂരൽമല–-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തൊട്ടടുത്ത ദിവസം ജൂലൈ 30നാണ് വയനാട്ടിൽനിന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ചന്ദനത്തോട് പ്രദേശത്ത് 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറിയത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം കണ്ണൂർ ഡിവിഷനുകീഴിലാണ് വിള്ളലുണ്ടായ ഭാഗം. ആഴത്തിലുള്ള വിള്ളലായതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നത് പ്രയോജനമല്ലെന്ന് കണ്ടെത്തിയിരുന്നു. വിള്ളലുണ്ടായ ഭാഗത്ത് മണ്ണുനീക്കി റോഡ് പുതുക്കിപ്പണിയേണ്ടതിനാലാണ് നിർമാണപ്രവൃത്തി നീണ്ടുപോയത്. ഇടക്കിടെയുണ്ടായ മഴയും പ്രവൃത്തി തടസ്സപ്പെടുത്തി. പേര്യ ചുരം അടച്ചതോടെ കൊട്ടിയൂർ –- പാൽച്ചുരം വഴിയാണ് നിലവിൽ മാനന്തവാടിയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും വാഹനങ്ങൾ പ്രധാനമായും കടന്നുപോവുന്നത്.
വീതികുറഞ്ഞ ഈ റോഡിലൂടെ വയനാട്ടിലേക്കുള്ള എല്ലാ വാഹനങ്ങളും വരുന്നതോടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..