കായംകുളം
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ എംപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നും ഒ എൻ കെ ജങ്‌ഷനിൽ അടിപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംപിയുടെ വാഗ്ദാനലംഘനത്തിനും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ നിർത്തലാക്കുന്നതിനെതിരെയുമാണ് ജനകീയ പ്രക്ഷോഭം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഒ എൻ കെ ജങ്‌ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമാണ് ഉയർന്നത്. ജനങ്ങളുടെ ഈ ആവശ്യത്തോടൊപ്പമാണ് സിപിഐ എം നിന്നത്. പിന്നീട് കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യമുയർന്നപ്പോഴും സിപിഐ എം ഒപ്പം നിന്നു. എംപി ആയിരിക്കെ എ എം ആരിഫും യു പ്രതിഭ എംഎൽഎയും നഗരസഭയും ശരിയായ ഇടപെടലാണ് നടത്തിയത്. കേന്ദ്ര മന്ത്രിക്കടക്കം നിവേദനം നൽകി.
എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, ജയിക്കുകയാണെങ്കിൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാലും യുഡിഎഫും വാഗ്ദാനം നൽകി ജനങ്ങളെ ഭിന്നിപ്പിച്ചു. വിജയിച്ചശേഷം എംപി ഉയരപ്പാത വാഗ്ദാനത്തിൽനിന്ന് പിൻവാങ്ങി. ദേശീയപാത അലൈൻമെന്റ് തയ്യാറാക്കിയ ഘട്ടത്തിലും കെ സി വേണുഗോപാലായിരുന്നു എംപി.
ദേശീയപാത വികസനം പൂർത്തിയാക്കുമ്പോൾ പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ദുരിതങ്ങൾ നേരിടേണ്ടിവരുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ട് നൂറുകണക്കിന് വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. കുടിവെള്ള സ്രോതസുകൾ മലിനമായി. പകർച്ചവ്യാധികൾ പെരുകി. സംസ്ഥാന സർക്കാരിനോ നഗരസഭയ്‌ക്കോ മാത്രമായി ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല.
ശാശ്വതപരിഹാരം കാണാൻ ഡ്രൈനേജ് പദ്ധതി നടപ്പാക്കണം. കെ സി വേണുഗോപാൽ എംപിയായശേഷം കായംകുളത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. റെയിൽവേ സ്റ്റേഷനിലെ എഫ്‌സി ഗോഡൗണും ആർഎംഎസും അടച്ചുപൂട്ടാൻ നടപടിയായി. ഇതിനെതിരെ ഒരക്ഷരംപോലും പറയാൻ എംപി തയ്യാറായിട്ടില്ല. ഈ പ്രശ്നങ്ങളാകെ ഉന്നയിച്ചാണ് ജനകീയ സമരത്തിത്തിന് സിപിഐ എം നേതൃത്വം നൽകുന്നതെന്നും നേതാക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..