15 December Sunday

ചമ്പക്കുളം ഇടക്കറുകയിൽ മടവീണു; 440 ഏക്കറിൽ കൃഷിനാശം

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2024

ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ മടവീണ്‌ വെള്ളം കുത്തിയൊഴുകുന്നു

തകഴി 
ചമ്പക്കുളം പഞ്ചായത്ത്‌ ആറാം വാർഡിലെ ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ ശനി പുലർച്ചെ മടവീണു.  440 ഏക്കറിലെ കൃഷി നശിച്ചു. 1.76 കോടി രൂപയുടെ നഷ്‌ടമുണ്ടെന്നാണ്‌ നിഗമനം. ഒന്നാം വളമിടൽ കഴിഞ്ഞ 37 ദിവസമായ നെൽച്ചെടികളാണ്‌ വെള്ളത്തിൽ മുങ്ങിയത്. 180 കർഷകരുടെ കൃഷിയാണിത്‌. 
പുലർച്ചെ അഞ്ചിന്‌ പാടത്തിന്റെ വടക്കേഭാഗത്ത്‌ തോടിന്റെ സംരക്ഷണഭിത്തി തകർന്ന്‌ മടവീണ്‌ ശക്തമായി വെള്ളം അകത്തേക്ക് കയറി. കർഷകർ ഓടിക്കൂടിയെങ്കിലും മട കുത്താനായില്ല. അതിവേഗം വലിയ മടയായി മാറി. ആറടിയോളം ഉയരത്തിൽ വെള്ളമുയർന്നിട്ടുണ്ട്‌. ഏക്കറിന്‌ 40,000 രൂപയാണ്‌ ഇതുവരെ കൃഷിക്കായി പാടശേഖര സമിതി ചെലവഴിച്ചത്‌.  
വെള്ളം പമ്പുചെയ്‌ത്‌ കളയാൻ ഒരാഴ്‌ചയിലേറെ സമയംവേണം. ശ്രമമാരംഭിച്ചിട്ടുണ്ട്‌. വീണ്ടും കൃഷിയിറക്കാൻ ലക്ഷങ്ങൾ ചെലവുവരും. മടകെട്ടാൻ മാത്രം പത്തുലക്ഷം രൂപയോളം ചെലവുവരും. ഒഴുകിയെത്തിയ കിഴക്കൻ വെള്ളമാണ് മടവീഴ്ചയ്ക്ക്‌ കാരണമെന്ന് കർഷകർ പറഞ്ഞു. കാലാവസ്ഥയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ്‌ തണ്ണീർമുക്കം ബണ്ട് ഷട്ടർ പൂർണമായി തുറന്ന് വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തിയില്ലെങ്കിൽ സമീപത്തെ പാടശേഖരത്തിനും ഭീഷണിയാണെന്നും കർഷകർ പറയുന്നു. ചമ്പക്കുളം കൃഷിഭവൻ ഉദ്യോഗസ്ഥർ മടകുത്താൻ സഹായം വാഗ്‌ദാനംചെയ്‌തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top