22 December Sunday

ട്രെയിനിൽ യുവതിയെ കടന്നുപിടിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
കാസർകോട്‌
ട്രെയിനിൽ വിദ്യാർഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കാസർകോട്‌ റെയിൽവേ പൊലീസ്‌ പിടികൂടി. മുളിയാർ സ്വദേശി ഇബ്രാഹിം ബാദുഷ(28)യെയാണ്  അറസ്റ്റ് ചെയ്തത്. തൃശൂരിൽനിന്നും വെസ്റ്റ് കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനിൽ മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഷൊർണൂർ സ്വദേശിയായ വിദ്യാർഥിനി. ചൊവ്വ പുലർച്ചെ നീലേശ്വരത്ത്‌ എത്തിയപ്പോഴാണ്‌ ഇബ്രാഹിം ബാദുഷ പെൺകുട്ടിയെ കയറിപ്പിടിച്ചത്‌. കൈ തട്ടിമാറ്റി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക്‌ മാറിക്കയറി. വിദ്യാർഥിനി ഉടൻ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ കാസർകോട് എസ്ഐ എം വി പ്രകാശനെ വിവരം അറിയിച്ചു. ചുവന്ന ടീ ഷർട്ടിട്ടയാളാണ്‌ ആക്രമിച്ചത്‌ എന്നും വിവരം നൽകി. ഇയാൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നതിനാൽ അവിടത്തെ പൊലീസിനെ വിവരം അറിയിച്ചു. 
 കാസർകോട്ടും അറിയിച്ചു. കാസർകോട്‌ സ്‌റ്റേഷനിൽ ഇറങ്ങുന്നതിനിടെ   പിടിയിലാകുന്നത്‌. ഇയാൾ തന്നെയാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനിടെ പൊലീസിനെ തള്ളി മാറ്റി  ഓടി രക്ഷപ്പെട്ടു. പൊലീസും പിന്തുടർന്നു. പുറത്ത് റോഡിൽ എത്തിയതോടെ നാട്ടുകാരുടെ സഹായത്തോടെയാണ്‌ യുവാവിനെ കീഴടക്കിയത്‌. എറണാകുളത്ത്‌ ജ്യൂസ്‌ കടയിൽ ജോലി ചെയ്യുകയാണ്‌ ഇബ്രാഹിം ബാദുഷ. 
റെയിൽവേ എസ്‌ഐ എം വി പ്രകാശൻ, സിപിഒമാരായ പ്രവീൺ പീറ്റർ, പ്രശാന്ത്, ആർപിഎഫ് എഎസ്ഐ അജിത്ത് എന്നിവർ ചേർന്നാണ്‌ ഇയാളെ പിടികൂടിയത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top