26 December Thursday
ശബരിമല മണ്ഡലകാലം

കെഎസ്‌ആർടിസി ബസ്‌ 
ഒന്നാകെ ബുക്ക്‌ചെയ്യാം

സ്വന്തം ലേഖകൻUpdated: Thursday Nov 16, 2023
കൊല്ലം
ബജറ്റ്‌ ടൂറിസം മാതൃകയിൽ ശബരിമല തീർഥാടത്തിനും ഇനി കെഎസ്‌ആർടിസി ബസ്‌ ഒന്നാകെ ബുക്ക്‌ചെയ്യാം. ക്ഷേത്രങ്ങൾ, ക്ലബ്ബുകൾ, കുടുംബ ഗ്രൂപ്പുകൾ, റസിഡൻസ്‌ അസോസിയേഷൻ എന്നിവ ആവശ്യപ്പെട്ടാൽ ശബരിമലയ്‌ക്ക്‌ ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും സർവീസ്‌ നടത്തും. മുൻകൂട്ടി ടിക്കറ്റ്‌ നിരക്ക്‌ അടച്ചാൽ ബസ്‌ ആവശ്യപ്പെടുന്നിടത്ത്‌ എത്തും. തീർഥാടകരെ കയറിയിടത്തു തന്നെ തിരിച്ചെത്തിക്കുകയും ചെയ്യുന്നതാണ്‌ പദ്ധതി. ബുക്ക്‌ചെയ്യുന്ന ബസിൽ മറ്റു യാത്രക്കാരെ കയറ്റില്ല. പത്തനംതിട്ടയിലെത്തി ളാഹ വഴി നേരിട്ട്‌ പമ്പയ്‌ക്കും എരുമേലിയിലെത്തി പമ്പയ്‌ക്കും എന്നിങ്ങനെ രണ്ടു റൂട്ടിലാണ്‌ സർവീസ്‌. ഇത്‌ തീർഥാടകർക്ക്‌ തെരഞ്ഞെടുക്കാം. നിരക്കിൽ വ്യത്യാസമുണ്ടാകും. ഒരുവശത്തേക്ക്‌ മാത്രമായും സർവീസ്‌ ബുക്ക്‌ ചെയ്യാമെന്ന്‌ കെഎസ്‌ആർടിസി ജില്ലാ ഓഫീസർ അജിത്‌കുമാർ പറഞ്ഞു. ഒരു ബസിൽ 51 സീറ്റാണ്‌ ഉണ്ടാവുക. 
തിരക്കും യാത്രാക്ലേശവും ഇല്ലാതെ തീർഥാടകർക്ക്‌ പമ്പയ്‌ക്ക്‌ എത്തുന്നതിനും അതുവഴി കെഎസ്‌ആർടിസിക്ക്‌ വരുമാനവുമാണ്‌ ലക്ഷ്യമിടുന്നത്‌. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, പത്തനാപുരം തുടങ്ങിയ എല്ലാ ഡിപ്പോകളിലും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. ജില്ലയിലെ ശ്രീശാസ്‌താ ക്ഷേത്രം ഉൾപ്പെടെ എല്ലാ ക്ഷേത്ര കമ്മിറ്റികൾക്കും ഈ സൗകര്യം ഉപകരിക്കും. 
മണ്ഡലകാലം പ്രമാണിച്ച്‌ എല്ലാ ഡിപ്പോകളിൽ നിന്നും മുൻവർഷങ്ങളിലെ പോലെ പമ്പയ്‌ക്ക്‌ സർവീസ്‌ നടത്തുന്നതിനുള്ള നടപടിയും പൂർത്തിയായി. അയ്യപ്പ തീർഥാടകരുടെ ആവശ്യപ്രകാരം പമ്പയ്‌ക്ക്‌ സർവീസ്‌ നടത്തുന്നതിനുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top