ചെറുവത്തൂർ
പടന്ന ഗവ. ആയുർവേദ ഡിസ്‌പൻസറിയിൽ കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ഉദിനൂർ കിനാത്തിലാണ് ആയുർവേദ ഡിസ്‌പൻസറി പ്രവർത്തിക്കുന്നത്. പഞ്ചായത്തിനകത്തും പറുത്തും നിന്നുള്ള പ്രായം ചെന്നവരടക്കം നിരവധി പേരുടെ ആശ്രയ കേന്ദ്രമാണിവിടം. ദിവസവും ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ആയുർവേദ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ദിവസേന നിരവധിയാളുകൾ ഡിസ്‌പൻസറിയിൽ എത്തുന്നുണ്ട്. ഇവിടെ കിടത്തി ചികിത്സാ സൗകര്യംകൂടി ഒരുക്കിയാൽ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. എന്നാൽ ഇതുവരെ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിനകത്തെ ഏക സർക്കാർ ആയുർവേദ ആശുപത്രിയാണിത്. കിടത്തി ചികിത്സ കൂടി ആരംഭിച്ചാൽ ആശുപത്രിയുടെ സേവനം കൂടുതൽ ജനങ്ങളിലേക്കെത്തും. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾ സ്വകാര്യ ആയുർവേദ ആശുപത്രികളെയാണ് സമീപിക്കുന്നത്. അതിനായി വൻതുകയും ചിലവഴിക്കേണ്ടി വരികയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ല. ആശുപത്രയിൽ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കിയാൽ അത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. അനുബന്ധ സൗകര്യങ്ങളൊരുക്കി കിടത്തി ചികിത്സ തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സാധാരണക്കാർക്ക്
ആശ്വാസമാകും
പടന്ന ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ വേണം എന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്നതാണ്. ചികിത്സ ഒരുക്കിയാൽ അത് സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ഇതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം.
കെ ദാമു , സിപിഐ എം
ഉദിനൂർ വെസ്‌റ്റ് ലോക്കൽ സെക്രട്ടറി
ആശുപത്രിയെ കൂടുതൽ
മികവുറ്റതാക്കണം
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ആശുപത്രിയുടെ സേവനം ലഭിച്ചുവരുന്നുണ്ട്. കിടത്തി ചികിത്സ കൂടി ആരംഭിച്ചാൽ അത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ആവശ്യമായ സൗകര്യം ഒരുക്കി കിടത്തി ചികിത്സാ സൗകര്യം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
എം സുമേഷ്, നീലേശ്വരം ബ്ലോക്ക്
പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ
സേവനം മുഴുവനാളുകൾക്കും ലഭ്യമാക്കണം
ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചാൽ നിരവധി സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. നിരവധി പേരാണ് ദിവസേന ഇവിടെയെത്തുന്നത്. ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കുകയും ചെയ്യുന്നുണ്ട്. കിടത്തി ചികിത്സ എന്ന ആവശ്യം നേരത്തേതന്നെ ഉയർന്നിരുന്നു. ഇത് നടപ്പിലാക്കി ആശുപത്രി സേവനം മുഴുവനാളുകൾക്കും ലഭ്യമാക്കണം.
വി ലത
പഞ്ചായത്തംഗം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..