23 December Monday

നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ച തേർവയലിലെ പി സി പത്മനാഭന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു

നീലേശ്വരം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ച തേർവയലിലെ പി സി പത്മനാഭനും നാട്‌ അന്ത്യാഞ്ജലിയേകി. വ്യാഴം വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരിച്ച പത്മനാഭന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കുശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പകൽ രണ്ടരയോടെ വീട്ടിലെത്തിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, എംഎൽഎമാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ, ഏരിയാസെക്രട്ടറി എം രാജൻ, നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ഹൊസ്ദുർഗ് തഹസിൽദാർ ടി ജയപ്രസാദ്, ദുരന്ത നിവാരണ വിഭാഗം ഡെ. തഹസിൽദാർ പി വി തുളസിരാജ്, നീലേശ്വരം വില്ലേജ് ഓഫീസർ അജിത്ത് ഹെഗ്‌ഡേ, പ്രൊഫ. കെ പി ജയരാജൻ തടുങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. വൈകിട്ട്‌ നാലോടെ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു. 
 
ക്ഷേത്ര കമ്മിറ്റിയും സഹായം നൽകും
നീലേശ്വരം
വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം നൽകാൻ ഫണ്ട്‌ പിരിക്കാൻ ക്ഷേത്രം റിലീഫ് കമ്മറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഈ മാസം 18നകം തുക കൈമാറാനാണ്‌ ശ്രമം. എംഎൽഎ, നഗരസഭ ചെയർപേഴ്സൺ അടക്കമുള്ളവരുടെ യോഗം വിളിച്ച്‌ ധനസഹായം കൈമാറുന്നത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും. 
പൊള്ളലേറ്റ് ചികിത്സ തേടിയവർക്കുള്ള സാമ്പത്തിക സഹായം പിന്നീട് നൽകും.  ക്ഷേത്രപരിധിയിലെ 500 ഓളം വീടുകളിൽ നിന്നും പരമാവധി ധനസഹായം ശേഖരിച്ച് തുടങ്ങി. മരിച്ചവരുടെ കുടുംബത്തിന്‌ സംസ്ഥാന സർക്കാർ നാലുലക്ഷം നൽകുന്നുണ്ട്‌. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാരാണ്‌ വഹിക്കുന്നത്‌. 
അതേസമയം, കേസിൽ പ്രതികളായ ക്ഷേത്രം ഭാരവാഹികൾ ഒളിവിൽ തുടരുകയാണ്‌. മൊത്തം ഒമ്പതുപ്രതികളുള്ളതിൽ രണ്ടുപേർ റിമാൻഡിലാണ്‌. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top