16 November Saturday

ചെന്താരകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

അഴീക്കൽ കടൽഭിത്തി

 കർഷക പോരാട്ടങ്ങളിലൂടെയും തൊഴിലാളി സമരങ്ങളിലൂടെയും ചുവന്നതാണ്‌ ജില്ലയുടെ ആസ്ഥാനമായ കണ്ണൂർ നഗരം. ഇന്ത്യയിൽ ആദ്യമായി പാർലമെന്ററി ജനാധിപത്യത്തിലൂടെ  കമ്യൂണിസ്റ്റ് പാർടിയെ അധികാരത്തിലെത്തിച്ച ചിറക്കലിന്റെ  രാഷ്ട്രീയ പൈതൃകംകൂടിയുണ്ട് ഈ നാടിന്.  

അടിയന്തരാവസ്ഥക്കാലത്താണ് സിപിഐ എം കണ്ണൂർ ഏരിയ  രൂപീകരിക്കുന്നത്. ചടയൻ ഗോവിന്ദനായിരുന്നു ആദ്യ സെക്രട്ടറി. അടിയന്തരാവസ്ഥയ്ക്കെതിരെ  പ്രതിരോധംതീർത്ത  പ്രവർത്തകർ ഭരണകൂട ഭീകരതയുടെ ഇരകളായി. അടിച്ചമർത്തലുകളിൽ തളരാതെ പോരാടിയതിന്‌ പൊലീസിന്റെ കൊടിയ മർദനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഇക്കാലത്ത്  മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലടക്കപ്പെട്ട  എൻ അബ്ദുള്ള ചികിത്സകിട്ടാതെ  മരിച്ചു. വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയ എതിരാളികൾ ഇല്ലാതാക്കിയ കെ നാണു, എം ധനേഷ്, ഒ ടി  വിനീഷ് എന്നിവരുടെ ജ്വലിക്കുന്ന ഓർമകൾ പോരാട്ടവീഥിയിൽ കരുത്താണ്.   ധീരരക്തസാക്ഷി അഴീക്കോടൻ രാഘവൻ, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ്  സി കണ്ണൻ എന്നിവരുടെ ത്യാഗനിർഭര പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.  കണ്ണൂർ ന​ഗരത്തിൽ തെക്കീബസാർ കേന്ദ്രീകരിച്ച് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിച്ച ഏറ്റവും ആവേശകരമായ അനുഭവവും കണ്ണൂർ ഏരിയയിലെ മുൻകാല പ്രവർത്തകർക്കുണ്ട്‌. ധീരരക്തസാക്ഷി അഴീക്കോടൻ ​രാഘവന്റെ പ്രവർത്തന മണ്ഡലമായിരുന്നു കണ്ണൂർ ഏരിയ. അഴീക്കോടന്റെ നേതൃത്വവും മാർ​ഗ നിർദേങ്ങളും  ഏരിയയിലെ പാർടിയുടെ കരുത്തായിരുന്നു. 
കോൺ​ഗ്രസുകാരുടെ സംഘടിതമായ നിരവധി ആക്രമണങ്ങളും കുപ്രചരണങ്ങളും അതിജീവിച്ചാണ്  കണ്ണൂർ ഏരിയയിൽ സിപിഐ എം ജനകീയ അടിത്തറ വിപുലീകരിച്ചത്. മുൻകാലങ്ങളിൽ സിപിഐ എം  ഏരിയയിലെ പല ഭാ​ഗങ്ങളിലും പ്രവർത്തകർക്കു നേരെ നിരവധി തവണ  ആക്രമണം നടന്നിട്ടുണ്ട്. കോൺ​ഗ്രസിന്റെ അക്രമ  രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധമാണ് സിപിഐ എം ഈ  കാലയളവിൽ സ്വീകരിച്ചത്.
 വർഷങ്ങളായി നടത്തിവന്ന  സമാനതകളില്ലാത്ത  പ്രവർത്തനം ഈ കരുത്ത്‌ വർധിപ്പിച്ചു. കണ്ണൂർ നഗരത്തിലും ന്യൂനപക്ഷ മേഖലകളായ സിറ്റി, കക്കാട്, വളപട്ടണം പ്രദേശങ്ങളിലും  മുന്നേറ്റമുണ്ടാക്കി.  മേഖലകളിലെ മറ്റ് രാഷ്ട്രീയ പാർടികളിൽനിന്നുള്ള  അനേകംപേർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ടുവന്നു. വികസന മുരടിപ്പിന്റെ പര്യായമായി മാറിയ കണ്ണൂർ കോർപ്പറേഷന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടി നിരന്തരം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. സാന്ത്വന പരിചരണരംഗത്ത് ഐആർപിസിയും ശ്രദ്ധേയ ഇടപെടൽ നടത്തുന്നു. 2022 ൽ കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന പാർടി കോൺഗ്രസിന്റെ വിജയത്തിനായി കണ്ണൂർ ഏരിയ മികച്ച  പ്രവർത്തനമാണ്‌ നടത്തിയത്‌.  ജില്ലാ ആസ്ഥാനം എന്ന നിലയ്ക്ക് കണ്ണൂരിൽ നടക്കുന്ന പാർടിയുടെയും വർഗ–- ബഹുജന സംഘടനകളുടെയും പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുന്നതിൽ ഏരിയ വലിയ പങ്ക് വഹിക്കുന്നു. 
ചിറക്കൽ, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളും കണ്ണൂർ കോർപ്പറേഷനിലെ പഴയ പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളും മുനിസിപ്പാലിറ്റി പ്രദേശവും ഉൾക്കൊള്ളുന്നതാണ്  കണ്ണൂർ ഏരിയ. 14 ലോക്കലുകളാണുള്ളത്‌. 202 ബ്രാഞ്ചും 2747 പാർടി അംഗങ്ങളുമുണ്ട്. അഴീക്കോട്‌ നടക്കുന്ന  ഏരിയാ സമ്മേളനം പുതിയ കടമകൾ ഏറ്റെടുക്കാൻ കരുത്ത്‌പകരും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top