17 November Sunday

തലശേരി– മാഹി ബൈപ്പാസ്‌ സർവീസ്‌ റോഡ്‌ അപകടം തുടർക്കഥ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
തലശേരി
നിർമാണം പാതിവഴിയിലായ ബൈപ്പാസ്‌ സർവീസ്‌ റോഡിൽ  അപകടം തുടർക്കഥയാവുമ്പോഴും അനക്കമില്ലാതെ ദേശീയപാത അധികൃതർ. 
ഒരുമാസത്തിനിടെ  നിരവധി അപകടങ്ങൾ ഇവിടെ നടന്നു. നിട്ടൂർ ബാലത്തിൽ സർവീസ് റോഡിൽ തലശേരി മുബാറക്ക ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി പാറാൽ സ്വദേശി പി പി ഹയാൻ ഫാദിൽ ബൈക്ക് മറിഞ്ഞ് മരിച്ചതാണ്‌ ഒടുവിലത്തേത്‌. ഇനിയും എത്ര ജീവൻ ഹോമിക്കപ്പെട്ടാലാണ്‌  അധികൃതർ ഉണരുകയെന്ന്‌ നാട്ടുകാർ ചോദിക്കുന്നു. 
 കൊളശേരി ബാലം സർവീസ് റോഡിൽ 100 മീറ്ററോളം ഭാഗത്ത് വലിയ കുഴികളുണ്ട്‌. രാത്രിയിൽ  വേഗതയിലെത്തുന്ന വാഹനങ്ങൾ വൻകുഴിയിൽ വീണാണ്‌ അപകടമുണ്ടാവുന്നത്‌. ഇവിടെ  അപകട മുന്നറിയിപ്പ്‌ സ്ഥാപിച്ചിട്ടില്ല. അപകടങ്ങളെ തുടർന്ന്‌ നാലുമാസമായി അടച്ചിട്ട സർവീസ്‌ റോഡ്‌ നവംബർ ആദ്യവാരമാണ്‌ തുറന്നത്‌. ടോൾവെട്ടിക്കാൻ ചരക്കുലോറികളടക്കം സർവീസ് റോഡ് വഴി കടന്നുപോകുന്നതും ചെറുവാഹനങ്ങൾക്ക്‌ ഭീഷണിയാണ്‌. 
   ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴും  സർവീസ് റോഡിന്റെ പ്രവൃത്തി പാതിവഴിയിലാണ്. പെരിങ്കളം, ഇല്ലത്ത് താഴെ, പാറാൽ തുടങ്ങിയ സ്ഥലങ്ങളിലും പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിക്കാണ് സർവീസ് റോഡുകളുടെ നിർമാണച്ചുമതല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്  ഉദ്യോഗസ്ഥർ സ്ഥല  പരിശോധന നടത്തിയെന്നല്ലാതെ മറ്റൊരു പ്രവർത്തനവും   നടന്നിട്ടില്ല. 
 ബൈപ്പാസിൽ ഈസ്‌റ്റ്‌പള്ളൂരിൽ അടിപ്പാതയും തെരുവ്‌ വിളക്കും സ്ഥാപിക്കാനും സർവീസ്‌റോഡിനുമായി 39.35 കോടി രൂപ അനുവദിച്ച്‌ ടെൻഡർ ക്ഷണിച്ചിരുന്നു.  ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. പണിപാതിവഴിയിലായ സ്ഥലങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി  സർവീസ്‌ റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന നിർദേശമാണ്‌ ഉയരുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top