പുനലൂർ
കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കനായുള്ള തിരച്ചിൽ രണ്ടാംദിവസവും നിർത്തിവച്ചു. പത്തനംതിട്ട ജില്ലാ വ്യവസായ ഓഫീസിലെ ഡെപ്യൂട്ടി രജിസ്‌ട്രാർ അഞ്ചൽ വടമൺ കൃഷ്ണഭവനിൽ ബി രതീശ (55)നെയാണ് ശനി പകല്‍ രണ്ടോടെ ശിവൻകോവിൽ റോഡിലെ പുത്തൻകടവിൽ കാണാതായത്. ആറ്റിലേക്കിറങ്ങവെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് പുനലൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അഗ്നിരക്ഷാസേനയുടെ കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായർ രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടതിനാൽ കല്ലടയാറ്റിൽ ജലനിരപ്പും ഒഴുക്കും കൂടിയത് തിരച്ചിൽ ദുഷ്കരമാക്കി. തുടർന്ന് വൈകിട്ടോടെ തിരച്ചിൽ നിർത്തിവയ്‌ക്കുകയായിരുന്നു. തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..