കോട്ടയം
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ദീപ്തി ബ്രെയിൽ സാക്ഷരതാ ക്ലാസുകൾക്ക് ഞായറാഴ്ച തുടക്കമായി. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്രെയിൽ ലിപിയുടെ പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. 40 ശതമാനം കാഴ്ചപരിമിതിയുള്ളവരെ ബ്രെയിൽ ലിപിയിലൂടെ അക്ഷര ലോകത്തേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണിത്.
46 പേരാണ് ബ്രെയിൽ ലിപി പഠിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അധ്യക്ഷനായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സംസ്ഥാന സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ ഡോ. വി വി മാത്യു പദ്ധതി വിശദീകരണം നൽകി. ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ കെ വി രതീഷ്, കേരള ബ്ലൈൻഡ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് തോമസ് മൈക്കിൾ, സെക്രട്ടറി ഇ യൂസഫ്, ഇൻസ്ട്രക്ടർ കെ കെ സോമസുന്ദരൻ, സെന്റർ കോ ഓർഡിനേറ്റർ അന്നമ്മ കെ മാത്യു, താര തോമസ് എന്നിവർ സംസാരിച്ചു. ബ്രെയിൽ പഠിതാക്കളുടെ കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..