ചെറുവത്തൂർ
കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ചൊവ്വാഴ്‌ചയും വ്യാപക നാശനഷ്‌ടം. കയ്യൂർ ഞണ്ടാടിയിൽ രാവിലെ ചുഴലിക്കാറ്റ് ആഞ്ഞു വീശിയതിനെ തുടർന്ന് വ്യാപക നാശനഷ്‌ടം സംഭവിച്ചു. ഞണ്ടാടിയിലെ രവീന്ദ്രന്റെ വീടിന് മുകളിൽ മരം പൊട്ടി വീണ് വീട് പൂർണമായും തകർന്നു.
പ്രദേശങ്ങളിലെ റബർ, കവുങ്ങ്, വാഴ, തെങ്ങ്, മാവ് തുടങ്ങി നിരവധി കാർഷിക വിളകളും നശിച്ചു. വൈദ്യുതി തൂണുകൾ പൊട്ടി വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. ചെറുവത്തൂർ - ചെക്ക് പോസ്റ്റിന് സമീപത്തെ മധു ചിറവങ്ങാട്ടിന്റെ വിട്ടിലെ കിണറും മഴയിൽ ഇടിഞ്ഞ് താണു.
കാഞ്ഞങ്ങാട് സൗത്തിൽ പാലക്കി ഗംഗന്റെ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തെങ്ങ് വീണു തകർന്നു. കാഞ്ഞങ്ങാട് കിഴക്കുംകരയിൽ കെട്ടിടത്തിനുമുകളിൽ പരസ്യ ബോർഡ് അപകടാവസ്ഥയിലുള്ള വിവരം ലഭിച്ച് അഗ്നിരക്ഷാസേനയെത്തി കെട്ടിട ഉടമയോട് ബോർഡ് മാറ്റാൻ നിർദ്ദേശം നൽകി. കാഞ്ഞങ്ങാട് പുതിയകോട്ട ശിവക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരക്കൊമ്പ് പൊട്ടി എച്ച്ടി വൈദ്യുത കമ്പിൽ തൂങ്ങിയത് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് കാരാട്ടുവയലിൽ വീടിനു മുകളിൽ വീണ മരം അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി.
ശക്തമായ ചുഴലിക്കാറ്റിലും മഴയിലും രണ്ട് വീടിനു മുകളിൽ മരം പൊട്ടിവീണു. വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വരയിൽ താമസിക്കുന്ന രാജീവന്റെയും ലക്ഷ്മിയുടെയും വീടിനു മുകളിലാണ് മരം പൊട്ടിവീണത്. രാജീവന്റെ വീടിന് മുമ്പിലുള്ള റോഡിന് എതിർ വശത്തുള്ള മരം കടപുഴകി വീടിന് വീഴുകയായിരുന്നു. ലക്ഷ്മിയുടെ വീടിന് തൊട്ടടുത്ത പറമ്പിലെ മരത്തിന്റെ വലിയ കൊമ്പ് അടുക്കളയുടെ മുകളിൽ വീണ് അടുക്കളയുടെ ഷീറ്റ് തകർന്നു.
പാലിലൊട്ടിയിലെ കെ പി നളിനി, അപ്പു കരിയാപ്പിൽ, കെ പി ആണ്ടി പെരിയങ്ങാനം, കെ മോഹനൻ കരിന്തളം, മുതുകുറ്റിയിലെ ബാബു ഫിലിപ്പ് എന്നിവരുടെ പറമ്പിലെ, റബർ, കവുങ്ങ്, തെങ്ങ്, തേക്ക് എന്നിവ നശിച്ചു. വൈദ്യുതി ലൈനിന്റെ മുകളിലും മരം പൊട്ടി വീണതിനാൽ വൈദ്യുതി ബന്ധം വിഛേദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
രക്ഷപ്പെട്ടത്
തലനാരിഴയ്‌ക്ക്
കാഞ്ഞങ്ങാട്
പെരുമഴ കൊണ്ടുപോയത് അമ്മാളുഅമ്മയുടെയും വീടും വീട്ടുപകരണങ്ങളും. ഞായറാഴ്‌ച രാത്രിയാണ് പുല്ലൂർ വണ്ണാർവയലിലെ മാടിക്കാൽ അമ്മാളുഅമ്മയുടെ വീടിന് തെങ്ങ് വീണത്. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം. മേൽക്കൂര തകർന്നു വീഴുമ്പോൾ വീടിനകത്ത് അമ്മാളുവമ്മയും മകൻ ബൈജുവും ഭാര്യ സന്ധ്യയും മക്കളായ ജയ്റാം, സഞ്ജയ് എന്നിവരുമുണ്ടായിരുന്നു. വീട്ടിൽനിന്ന് അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. അയൽക്കാരെത്തി ഇവരെ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചു. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു.
അഗ്നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി. ഇവർക്ക് കയറിക്കിടക്കാൻ മറ്റ് മാർഗമില്ല. സി എച്ച് കുഞ്ഞമ്പു എംഎൽഎ, പഞ്ചായത്ത് അംഗങ്ങളായ ടി വി കരിയൻ, എം വി നാരായണൻ, കരിച്ചേരി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ സീത, സുനു ഗംഗാധരൻ, വി നാരായണൻ, പത്മനാഭൻ പടിഞ്ഞാറെവീട്, ഡോ. സി ബാലൻ, മാടിക്കാൽ നാരായണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..