08 September Sunday
നവകേരളം കര്‍മപദ്ധതി 2

ചെമ്മനാട് ലൈഫ് ഫ്ലാറ്റ് 
രണ്ടുമാസത്തിനകം റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കാസർകോട്‌

ലൈഫ് ഭവന പദ്ധതിയിലെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ചെമ്മനാട്  പഞ്ചായത്തിൽ പുരോഗമിക്കുന്ന ഭവന സമുച്ചയം രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാകുമെന്ന് നവകേരള കർമപദ്ധതി 2 അവലോകന യോഗം വിലയിരുത്തി. നവംബറോടെ വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ലൈഫ് മിഷൻ കോർഡിനേറ്റർ പറഞ്ഞു. സംസ്ഥാന ലൈഫ് മിഷൻ നേരിട്ട് ഏകോപനം നടത്തുന്ന പദ്ധതിയുടെ നിർമാണ പ്രവൃത്തി  ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനമാണ് നടത്തുന്നത്‌. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടില്ല. ഒന്ന്‌, രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടതും നിലവിൽ  പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ലാത്ത വീടുകളിൽ ലൈഫ് മിഷൻ പ്രതിനിധികലെത്തി വിലയിരുത്തിയ ശേഷം പ്രത്യേക യോഗം ചേരാനും  പ്രവൃത്തി വേഗത്തിലാക്കാനും തീരുമാനിച്ചു.  

വിജയക്കുതിപ്പിൽ 
മഞ്ചാടി
വിദ്യാകിരണം പദ്ധതയുടെ ഭാഗമായി ഗണിത പഠനം ലഘൂകരിക്കുന്നതിന് വിദ്യാർഥികൾക്ക് നൽകുന്ന ശിശുസൗഹൃദ ഗണിത പരിപോഷണ പരിപാടിയായ മഞ്ചാടി വിജയമെന്ന്‌ വിലയിരുത്തി.
അടിസ്ഥാന ഗണിതശേഷി വർധിപ്പിക്കുന്നതിന് അഞ്ചാം ക്ലാസിലെ ഗണിത പാഠങ്ങളുടെ സവിശേഷ മാതൃകകളാണ്‌ പഠിപ്പിക്കുന്നത്‌.  മടിക്കൈ പഞ്ചായത്തിലും തുടർന്ന് പരവനടുക്കം പെൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും നടത്തി വിജയിച്ച പദ്ധതി നിലവിൽ ചെറുവത്തൂർ ബിആർസിയിലെ 11 വിദ്യാലയങ്ങളിൽ നടത്തിവരുന്നു.  
 
ശൈലീ ആപ്പ്‌ സർവേ 
98 ശതമാനം
ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി നടത്തിയ ശൈലീ ആപ്പ് ഉപയോഗിച്ചുള്ള സർവേ ആദ്യഘട്ടം ജില്ലയിൽ 98 ശതമാനം പൂർത്തിയായി. 30 വയസ്സിന് മുകളിലുള്ളവരിൽ നാല് ശതമാനം പേർ ഡയബറ്റിസ് അല്ലെങ്കിൽ ഹൈപ്പർടെൻഷൻ രോഗികളാണെന്ന്  കണ്ടെത്തി.  രണ്ടാംഘട്ടത്തിൽ കാഴ്ച പരിമിതി, കേൾവി പരിമിതി, കുഷ്ഠം, മാനസികാരോഗ്യം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
9 കേന്ദ്രങ്ങളിൽ 
ഹരിത 
ടൂറിസം പദ്ധതി
ഹരിതകേരള മിഷന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് ജില്ലയിലെ ഒമ്പത് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹരിത ടൂറിസം പദ്ധതി നടപ്പിലാക്കും. പൊസഡിഗുംബെ, കണ്വതീർത്ഥ, കുമ്പള റൂറൽ, ചെമ്പരിക്ക, കീഴൂർ, കോടി കടപ്പുറം, കൈറ്റ് ബീച്ച്, കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ,  ബേക്കൽ അഴിത്തല എന്നീ കേന്ദ്രങ്ങളാണ്  തെരഞ്ഞെടുത്തത്. പദ്ധതിയിലൂടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കും.  
 യോഗത്തിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ്‌ അധ്യക്ഷനായി.  നവകേരളം കർമപദ്ധതി രണ്ട് ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, ലൈഫ് മിഷൻ കോഡിനേറ്റർ എം വത്സൻ, ആർദ്രം മിഷൻ കോഡിനേറ്റർ ഡോ. പി വി അരുൺ, വിദ്യാകിരണം കോഡിനേറ്റർ എം സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top