കട്ടപ്പന
കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ സ്ഥലങ്ങളിൽ ഗതാഗതം പുനസ്ഥാപിച്ചു. കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നിരവധി സ്ഥലങ്ങളിൽ മരങ്ങൾ നിലംപൊത്തി. ഏക്കറുകണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. പള്ളിക്കവല- സ്‌കൂൾക്കവല ബൈപാസ് റോഡിൽ പമ്പ്ഹൗസിനുസമീപം മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. ചൊവ്വ പകൽ 11ഓടെയാണ് മരം വൈദ്യുതി കമ്പിയിൽതട്ടി റോഡിലേക്ക് പതിച്ചത്. ഇതോടെ പോസ്റ്റുകളും നിലംപൊത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കട്ടപ്പന അഗ്നിരക്ഷാസേനയെത്തി മരംമുറിച്ചുനീക്കി.
പുറ്റടി സിഎച്ച്‌സി ക്വാർട്ടേഴ്‌സ് പരിസരത്തെ മരം നിലംപൊത്തി മതിൽ തകർന്നു. ചൊവ്വ പുലർച്ചെ 1.30 ഓടെയാണ് കൂറ്റൻ ശീമമുരിക്ക് വീണത്. 20 അടിയിലേറെ ഉയരമുള്ള സംരക്ഷണഭിത്തിക്ക് വിള്ളൽവീഴുകയും ചെയ്തു. മഴ തുടരുന്നതിനാൽ ഭിത്തി ഇടിഞ്ഞ് കുമളി–മൂന്നാർ സംസ്ഥാനപാതയിലേക്ക് വീഴാൻ സാധ്യതയുണ്ട്. ക്വാർട്ടേഴ്‌സ് പരിസരത്ത് 10ലേറെ വൻമരങ്ങളുണ്ട്. കാറ്റിൽ ആടിയുലയുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. വണ്ടൻമേട്, പുറ്റടി മേഖലകളിൽ പലസ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
ചൊവ്വ പുലർച്ചെ കാഞ്ചിയാർ പള്ളിക്കവലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു. ഇതോടെ മേഖലയിൽ വൈദ്യുതി മുടങ്ങി. റോഡിനോടുചേർന്നുള്ള വനംവകുപ്പിന്റെ ഭൂമിയിൽ നിരവധി മരങ്ങൾ അപകടാവസ്ഥയിലാണ്. തിങ്കൾ രാത്രി മലയോര ഹൈവേയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..