22 November Friday
ആനയൂട്ടിന്‌ ആയിരങ്ങൾ

പെരുമഴയിലും കരിയഴകായ്‌...

ജോർജ്‌ ജോൺUpdated: Wednesday Jul 17, 2024

വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്

തൃശൂർ 
പെരുമഴ പെയ്‌തിറങ്ങിയ കർക്കടക രാവിൽ കുളിച്ച് കുറിതൊട്ട് പൂമാലയിട്ട്‌  സുന്ദരന്മാരും സുന്ദരികളുമായി  വടക്കുന്നാഥ ക്ഷേത്രത്തിൽ ആനക്കൂട്ടം നിരന്നു.  വെഞ്ചാമരവും നെറ്റിപ്പട്ടവുമൊന്നുമില്ലെങ്കിലും കറുപ്പഴകുമായി  ഗജരാജൻ കൊച്ചിൻ ദേവസ്വം  എറണാകുളം ശിവകുമാർ മുതൽ ഗജറാണി ദേവിവരെ കേരളത്തിലെ എണ്ണം പറഞ്ഞ 60 ആനകൾ നിരന്നതോടെ  ആനയൂട്ടിന്‌ തുടക്കം.  മഞ്ഞൾപ്പൊടിയും  ശർക്കരയും തേനുമെല്ലാം ചേർത്ത്‌    ഉരുളകളാക്കി നൽകിയതോടെ ആനകൾ തലയാട്ടി  തുമ്പിക്കൈ ഉയർത്തി.   തോരാമഴയിലും വന്നെത്തിയ ആയിരങ്ങൾ ആനക്കമ്പത്തിലലിഞ്ഞു.  
  കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന ആനയൂട്ടിൽ   എറണാകുളം ശിവകുമാർ,  പുതുപ്പുള്ളി കേശവൻ, ഗുരുവായൂർ രാജശേഖരൻ, ഗുരുവായൂർ ബാലകൃഷ്ണൻ, ഊക്കൻസ് കുഞ്ചു, പാമ്പാടി സുന്ദരൻ, പുതുപ്പള്ളി സാധു അടക്കമുള്ള   ആനകളാണ്  പങ്കെടുത്തത്. 13 പിടിയാനകൾ ഊട്ടിനെത്തി.  പ്രത്യേക പരിശോധനകൾക്കുശേഷം ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ച  ആനകളെ  വകുപ്പ് അധികൃതരുടെ നിബന്ധന പാലിച്ച്‌ പ്രത്യേക ബാരിക്കേഡ് സംവിധാനത്തിലാണ് നിർത്തിയത്. ജനങ്ങൾക്ക് പ്രവേശിക്കാൻ   റാമ്പ് സൗകര്യവും ഒരുക്കിയിരുന്നു.  
ഊട്ടിന്‌  500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, തേൻ എന്നിവ ഉരുളകളാക്കി ആനകൾക്ക് നൽകി.  കക്കിരിക്ക, കൈതച്ചക്ക,  കരിമ്പ്‌, പഴം, തണ്ണിമത്തൻ എന്നിവയും  ഔഷധക്കൂട്ടും നൽകി. 
 ഗജറാണി ഗുരുവായൂർ ദേവസ്വം ദേവിക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആനയൂട്ടിന് തുടക്കമിട്ടു.  മന്ത്രി കെ രാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ,  കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, കലക്ടർ വി ആർ കൃഷ്ണതേജ, എഡിജിപി പി വിജയൻ,   കമീഷണർ ആർ ഇളങ്കോ, എസിപി സലീഷ് ശങ്കരൻ, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി പങ്കജാക്ഷൻ,  സെക്രട്ടറി ടി ആർ ഹരിഹരൻ  തുടങ്ങിയവർ  പങ്കെടുത്തു. വടക്കുന്നാഥനിൽ 42–--ാം  വർഷത്തെ ആനയൂട്ടാണ് നടന്നത്.  
 
10,000 പേർക്ക് അന്നദാനം 
തൃശൂർ
 വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടിനൊപ്പം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അന്നദാനവും നടത്തി.     12,008 നാളികേരം, 2000 കി.ഗ്രാം ശർക്കര, 2000 കി.ഗ്രാം അവിൽ, 500 കി.ഗ്രാം മലർ, 60 കി.ഗ്രാം എള്ള്, 50 ലിറ്റർ തേൻ, കരിമ്പ്, ഗണപതി നാരങ്ങ തുടങ്ങിയ അഷ്ടദ്രവ്യങ്ങൾ   ഉപയോഗിച്ച്  ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെയും പുലിയന്നൂർ ജയന്തൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടന്ന  ഹോമത്തിന്  അമ്പതോളം പേർ സഹകാർമികരായി.  ഹോമവും ആനയൂട്ടും ഒരു കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിരുന്നു.  അന്നദാന  മണ്ഡപത്തിൽ 10,000 പേർക്ക് അന്നദാനവും വൈകിട്ട് കൂത്തമ്പലത്തിൽ  ഭഗവത് സേവയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top