05 November Tuesday

പനയത്ത്‌ മാലിന്യവും വരുമാനം

കെ ബി ജോയ്Updated: Wednesday Jul 17, 2024

പനയം പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ കയറ്റി അയക്കുന്ന ഹരിതകർമസേനാംഗങ്ങൾ

അഞ്ചാലുംമൂട്
മാലിന്യസംസ്കരണത്തിൽ ഹൈടെക്കായ പനയം പഞ്ചായത്ത് മാതൃകയാകുന്നു. അഷ്ടമുടിക്കായലിന്റെ തീരഗ്രാമമായ പ്രദേശത്തെ മാലിന്യത്തിൽനിന്ന് സംരക്ഷിക്കാൻ പഞ്ചായത്ത് ഭരണസമിതിയും ഹരിതകർമസേനയും കർമപദ്ധതികളുമായുണ്ട്. അജൈവമാലിന്യങ്ങൾ മാത്രമല്ല സ്വകാര്യ ചടങ്ങുകളിലെ ജൈവമാലിന്യങ്ങളും  ഹരിതകർമസേന ശേഖരിക്കും. എല്ലാം എയ്റോബിക് കമ്പോസ്റ്റിൽ ശാസ്ത്രീയമായി സംസ്കരിച്ച് കൃഷിഭവൻ വഴി ജൈവവളമായി തിരികെ എത്തിക്കും. നാല്‌ എയ്റോബിക് കമ്പോസ്റ്റുകൾ വീതമുള്ള അഞ്ച്‌ യൂണിറ്റുണ്ട്. 
 
സ്വകാര്യ ചടങ്ങിലും 
ഹരിതചട്ടം
സ്വകാര്യ ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാണ്. ചടങ്ങിൽ പങ്കെടുക്കുന്ന ഒരാൾക്ക്‌ 10 രൂപ നിരക്കിൽ ഹരിതകർമസേനയ്ക്കു നൽകിയാൽ വാഹനത്തിലെത്തി മാലിന്യം എയ്റോബിക് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇതുവഴി ലഭിക്കുന്ന മുഴുവൻ തുകയും സേനാംഗങ്ങൾക്ക് വേതനമായി നൽകും. മാസം ഒരാൾക്ക് 15,000 രൂപവരെ ലഭിക്കുന്നു. 16 വാർഡിലായി 32 ഹരിതകർമസേന അംഗങ്ങളാണുള്ളത്. ഇവർ തന്നെ ഡ്രൈവർമാരായി  രണ്ട്‌ വാഹനവുമുണ്ട്.
കെൽട്രോൺ വികസിപ്പിച്ച ഹരിതമിത്രം ആപ്‌ വഴിയാണ് ഹരിതകർമസേനയുടെ സേവനങ്ങളും യൂസർ ഫീ കലക്‌ഷനും നടത്തുന്നത്. അജൈവമാലിന്യങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള ബെയ്‌ലിങ്‌ മെഷീൻ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഹരിതകർമസേന ഓഫീസ് പഞ്ചായത്തിലെ ഗ്രീൻ പ്രോട്ടോക്കോളിന്റെ കമാൻഡിങ്‌ ഓഫീസാണ്. ഐആർടിസി കോ–--ഓർഡിനേറ്റർക്കാണ് ഓഫീസ് ചുമതല. 
 
നാട്‌ മാലിന്യമുക്തം
തരംതിരിച്ച് പാക്ക്ചെയ്ത അജൈവ മാലിന്യങ്ങൾ ഗ്രീൻടെക് കമ്പനിക്കാണ് നൽകുന്നത്. ആഴ്ചയിൽ ഒരുദിവസം മാലിന്യം ശേഖരിക്കാൻ കമ്പനി വാഹനം എത്തും. പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ, വിഇഒ, ജീവനക്കാരുടെ പ്രതിനിധികൾ, പൊലീസ്, ഐആർടിസി കോ–--ഓർഡിനേറ്റർ എന്നിവരടങ്ങിയ ഹെൽത്ത് സ്‌ക്വാഡിനാണ് ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനച്ചുമതല. പഞ്ചായത്ത് പ്രസിഡന്റ്‌ രാജശേഖരനും സെക്രട്ടറി ജോസഫ് ഫ്രാൻസിസും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. അജൈവമാലിന്യം വിറ്റും ജൈവമാലിന്യം വളമാക്കിയും മികച്ച വരുമാനം പഞ്ചായത്ത് കൈവരിക്കുമ്പോൾ കായലും തോടും റോഡും മാലിന്യമുക്തമായി. ഗാർഹിക ഉറവിട മാലിന്യ സംവിധാനങ്ങൾ, സിസിടിവി കാമറകൾ, ഹരിതകർമസേനയ്‌ക്ക് കൂടുതൽ വാഹനങ്ങൾ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവയ്ക്കായി 1.50 കോടി രൂപയാണ് പഞ്ചായത്ത് ഈ വർഷം നീക്കിവച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top