23 December Monday

പക്ഷിപ്പനി: ജില്ല ബഫർസോണാകും

സ്വന്തം ലേഖികUpdated: Wednesday Jul 17, 2024
കൊല്ലം
ജില്ലയെ ബഫർസോണാക്കി പക്ഷിപ്പനിയെ പ്രതിരോധിക്കാൻ മൃഗസംരക്ഷണവകുപ്പ്‌. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന്‌ പക്ഷികൾ, മുട്ടകൾ, ഇറച്ചി, കോഴി, ഇ–-താറാവ്‌ വളം എന്നിവ ജില്ലയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ നിയന്ത്രണം ഉണ്ടാകും. മൃഗസംരക്ഷണ ഡയറക്ടർ എ കൗശിക്കിന്റെ നിർദേശപ്രകാരമാണ്‌ ജില്ലാഅതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിക്കുക. മൂന്നു ജില്ലയിലായി 38 ഇടങ്ങളിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. ഇതിൽ ഓരോ രോഗപ്രഭവകേന്ദ്രത്തിൽനിന്ന്‌ പത്ത്‌ കിലോമീറ്റർ ചുറ്റളവിലുള്ള ഇടം നിരീക്ഷണമേഖലയാണ്‌. ഇതനുസരിച്ച്‌ ആലപ്പുഴ ജില്ല പൂർണമായും നിരീക്ഷണത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ സമീപ ജില്ലയായ കൊല്ലത്തെ ബഫർസോണായി തിരിക്കുന്നത്‌. ജില്ലയിൽ കുരീപ്പുഴ ടർക്കിഫാം, ആയുർ തോട്ടത്തറ ഹാച്ചറി എന്നിവ പ്രവർത്തിക്കുന്നതിനാലാണ്‌ പക്ഷിക്കടത്ത്‌ നിയന്ത്രണം അനിവാര്യമായത്‌.  
പ്രതിരോധ നടപടികളുടെ ഭാഗമായി 100 പക്ഷികളിൽ കൂടുതലുള്ള ഫാമുകളുടെ വിവരങ്ങൾ ശേഖരിച്ചു. സർക്കാർ ഫാമുകളായ കുരിയോട്ടുമല, കുരീപ്പുഴ, തോട്ടത്തറ ഫാമുകളിൽ സന്ദർശനം നിരോധിച്ചു. ഫാമുകളിൽ ദേശാടനപ്പക്ഷികൾ തമ്പടിക്കാറുള്ള മരച്ചില്ലകൾ നീക്കുന്ന പ്രവൃത്തി തുടരുന്നു. 
ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്‌തതതിനെ തുടർന്ന്‌ കർഷകർ പക്ഷികളെ പത്തനംതിട്ടയിലേക്ക് കടത്തിയിരുന്നു. ഇങ്ങനെയാണ് അടൂരിൽ പക്ഷിപ്പനി പടർന്നതെന്നാണ് കരുതുന്നത്‌. ഈ സാഹചര്യം ഒഴിവാക്കുകയാണ്‌ ബഫർസോൺ പ്രഖ്യാപനം. വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ ഫാമുകളിൽ വൻ തോതിൽ കോഴിവളവും താറാവ് വളവും കെട്ടിക്കിടപ്പുണ്ട്. വരുമാന മാർഗം നിലച്ച കർഷകർ ഇവ കുറഞ്ഞ വിലയ്ക്ക് കടത്താനുള്ള സാധ്യതയുമുണ്ട്. കോഴി, താറാവ് എന്നിവ അസാധാരണ ലക്ഷണങ്ങൾ  പ്രകടിപ്പിച്ചാൽ മൃഗസംരക്ഷണ- എപ്പിഡമിയോളജി വിഭാഗത്തെ അറിയിക്കണമെന്ന്‌  മൃഗസംരക്ഷണ വകുപ്പ്‌ ജില്ലാ ഓഫീസർ ഡി ഷൈൻകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top