24 November Sunday

വികസനവഴിമുടക്കി

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024
കൊല്ലം
പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽനിന്ന്‌ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ വിട്ടുനിന്നു. ജില്ലയിൽനിന്നുള്ള മൂന്ന്‌ എംപിമാരിൽ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ്‌ 11 നിയമസഭാ മണ്ഡലത്തിൽ ഏഴെണ്ണത്തെ പ്രതിനിധീകരിക്കുന്ന കൊല്ലം എംപി പങ്കെടുക്കാതിരുന്നത്‌. സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി ഇടപെടാമെന്നുള്ള എംപിമാരുടെ ഉറപ്പിലാണ്‌ യോഗം അവസാനിച്ചത്‌. എന്നാൽ, ഔദ്യോഗിക പരിപാടികളോ മറ്റു തിരക്കുകളോ ഇല്ലാതിരുന്നിട്ടും കൊല്ലം എംപി യോഗത്തിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കൊല്ലത്തിന്റെ നിരവധി വികസനപ്രശ്‌നങ്ങളുടെ വഴി അടയ്‌ക്കുകയായിരുന്നു എംപി.
തിങ്കൾ പകൽ 11മുതൽ ഒന്നുവരെ തൈക്കാട്‌ ഗവ. ഗസ്റ്റ്‌ഹൗസിലായിരുന്നു എംപിമാരുടെ യോഗം. ഈ സമയം കൊല്ലം സിഎസ്‌ഐ കൺവൻഷൻ ഹാളിൽ ഒരു വിവാഹച്ചടങ്ങായിരുന്നു കൊല്ലം എംപിയുടെ പരിപാടി. രാവിലെ കടപ്പാക്കടയിലെ ഒരു ചടങ്ങിലും പങ്കെടുത്തു. സംസ്ഥാനത്തിന്റെ അർഹമായ വിഹിതം കിട്ടാൻ യോജിച്ച ശ്രമങ്ങൾക്കു തയ്യാറാണെന്നാണ്‌ കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞത്‌. ധനമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്ത നിവേദനം നൽകാനും  തീരുമാനിച്ചു. റെയിൽവേ വികസനം, സിആർഇസഡ്‌ പരിധി, വരൾച്ച പ്രതിരോധം, വന്യമൃഗശല്യം എന്നീ വിഷയങ്ങളിലും ചർച്ചനടന്നു. കൊല്ലവുമായി ബന്ധപ്പെട്ട്‌ ഈ വിഷയങ്ങൾക്ക്‌ പ്രാധാന്യമുണ്ട്‌. കൂടാതെ പാർവതിമില്ലിൽ വർഷങ്ങളായി കാടുമൂടിക്കിടക്കുന്ന സ്ഥലത്ത്‌ സംസ്ഥാന സർക്കാരിന്റെ ഐടി പാർക്ക്‌, ഐസിപി അംഗീകാരം ലഭിച്ച കൊല്ലം തുറമുഖത്ത്‌ കപ്പലുകൾ എത്തുന്നതിന്റെ  തുടർനടപടികൾ, ഇഎസ്‌ഐ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ തടസ്സം തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക്‌ വിഷയമാകേണ്ടതായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top