23 December Monday

കാറ്റിൽ 
വൻ നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മാവേലിക്കര‑കറ്റാനം റോഡിൽ ഭരണിക്കാവ് വടക്കേ ജങ്ഷനിലെ ആൽമരം വീണപ്പോള്‍

മാവേലിക്കര
മഴക്കെടുതിയിൽ മാവേലിക്കരയിലും ചാരുംമൂട്ടിലും വ്യാപകനാശം. എട്ട്‌ വീട്‌ തകർന്നു. രണ്ട്‌ സ്‌ത്രീകൾക്ക്‌ പരിക്കേറ്റു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം വൈദ്യുതിബന്ധവും ഗതാഗതവും തകരാറിലായി. 
ഭരണിക്കാവ് ആൽത്തറ ജങ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വൻ ആൽമരം തിങ്കൾ രാത്രി റോഡിലേക്ക് വീണ് മാവേലിക്കര–-കറ്റാനം റോഡിൽ  15 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുറത്തികാട് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടുകയായിരുന്നു. ഭരണിക്കാവ് ദേവീക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ജീവത വയ്‌ക്കുന്ന ആൽത്തറയാണ് തകർന്നത്. 
മരംവീണ്‌ ഒരു വീട് പൂർണമായും ഏഴ്‌ വീട്‌ ഭാഗികമായുമാണ്‌ തകർന്നത്‌. ആൽത്തറയോട് ചേർന്ന് നിന്ന ഭരണിക്കാവ് ഷിനോഭവനത്തിൽ ഷീജയുടെ പെട്ടിക്കട പൂർണമായി തകർന്നു. 50,000 രൂപയുടെ നഷ്‌ടമുണ്ടായതായി ഷീജ പറഞ്ഞു. തെക്കേക്കര വടക്കേ മങ്കുഴി തിരുനല്ലൂർ പണയിൽ അനിലിന്റെ വീട് വലിയ ഈട്ടിമരം വീണ് പൂർണമായി തകർന്നു. തിങ്കൾ രാത്രി 10.45നാണ് സംഭവം. 
ഈ സമയം അനിലും ഭാര്യ ഉഷയും മക്കൾ അഖിലേഷും അഖിലയും വീട്ടിലുണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് നാലുപേരും രക്ഷപ്പെട്ടത്. തൊട്ടടുത്ത് തിരുനല്ലൂർ പണയിൽ മനോഹരന്റെ വീട് പ്ലാവ് വീണ് ഭാഗികമായി തകർന്നു. തെക്കേക്കര ആറാംവാർഡിൽ കിഴക്കേ വൈപ്പിൽ ഷീജയുടെ വീട് തേക്ക് വീണ്‌ തകർന്നു. കോട്ടൂർ തറയിൽ ബാലകൃഷ്‌ണന്റെ വീടിന് മുകളിൽ മാവ് വീണു. നല്ലൂർ വീട്ടിൽ വേണുവിന്റെ വീടിന്‌ മുകളിൽ ആഞ്ഞിലി വീണ് കേടുപാട് സംഭവിച്ചു. മീനത്തേതിൽ ഹരിയുടെ വീടിന്‌ മുകളിലേക്ക് തേക്ക് വീണ് ശുചിമുറി തകർന്നു. ഓലകെട്ടിയമ്പലം കളത്തട്ട് ജങ്‌ഷനിലെ ആൽമരത്തിന്റെ വൻ ശിഖരം ഒടിഞ്ഞുവീണ് കളത്തട്ടിന്റെ മേൽക്കൂര തകർന്നു. ഏറെ പഴക്കമുള്ള കളത്തട്ട് സമീപകാലത്താണ് നവീകരിച്ചത്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top