08 September Sunday
ഭീതിവിതച്ച്‌ കാറ്റ്‌, മഴ

109 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കൈനകരി കുപ്പപ്പുറം മാതിരമ്പള്ളി അശോകന്റെ വീട് കാറ്റിലും മഴയിലും പൂർണമായും തകർന്നപ്പോൾ

 ആലപ്പുഴ

കനത്തമഴയിലും ശക്തമായ കാറ്റിലും വ്യാപകനാശം. 108 വീട്‌ ഭാഗികമായും ഒന്ന്‌ പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 35 വീടും  മാവേലിക്കര -– -27, കുട്ടനാട് – -​-18, ചേർത്തല – --16, കാർത്തികപ്പള്ളി -– -10, ചെങ്ങന്നൂർ- –- രണ്ടും വീടുമാണ്‌ തകർന്നത്‌. 248 ഹെക്‌ടറിലായി 22,200 രൂപയുടെ കൃഷിനാശമുണ്ടായി. തൊഴുത്തുകൾ തകർന്ന്‌ 47,000 രൂപയുടെ നഷ്‌ടമുണ്ടായി. 
  ചെങ്ങന്നൂരിൽ തിരുവൻവണ്ടൂരും കിഴക്കേനടയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവൻവണ്ടൂർ എൽപി സ്‌കൂളിൽ മൂന്ന്‌ കുടുംബത്തിലെ ഒമ്പത്‌ പേരും കിഴക്കേനട യുപി സ്‌കൂളിൽ രണ്ട്‌ കുടുംബത്തിലെ അഞ്ച്‌ പേരുമുണ്ട്‌. റോഡുകളിലും പാടശേഖരങ്ങളിലും വെള്ളംകയറി. മാന്നാർ ചെന്നിത്തലയിൽ വൈദ്യുതിലൈൻ പൊട്ടിവീണ്‌ വൈദ്യുതാഘാതമേറ്റ്‌ പോത്ത്‌ ചത്തു. വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുകയും മരംവീണ്‌ ഗതാഗതം തടസ്സപ്പെടുകയുംചെയ്‌തു. 
83.28 മില്ലിമീറ്റർ മഴയാണ്‌ തിങ്കളാഴ്‌ച ജില്ലയിൽ ലഭിച്ചത്‌. കുട്ടനാട്, അപ്പർകുട്ടനാട്​ മേഖലയിൽ ജലനിരപ്പ്​ ഉയർന്നു​. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലും ചെറിയതോതിൽ ജലനിരപ്പുയർന്നു. കിടങ്ങറയിലും നീരേറ്റുപുറത്തും ജലനിരപ്പ്​ ഓറഞ്ച്​ ​ലെവലിലും പള്ളാത്തുരുത്തി, പാണാവള്ളി, നെടുമുടി, കാവാലം, മ​ങ്കൊമ്പ്, ചമ്പക്കുളം, കരുമാടി ​മേഖലയി​ൽ ജലാശയങ്ങളിലെ അളവ്​ മഞ്ഞ ലെവലിലും എത്തി​. കുട്ടനാട്ടിൽ നിരണം, തലവടി, മുട്ടാർ, എടത്വാ, തകഴി പഞ്ചായത്തിലെ താഴ്‌ന്നപ്രദേശങ്ങളും വെള്ളത്തിലായി.  
  മരങ്ങൾവീണ് തലവടിയിലെ രണ്ട് വീട്‌ തകർന്നു. കായംകുളം–-തിരുവല്ല സംസ്ഥാനപാതയിൽ ആലുംമൂട് ജങ്ഷന് തെക്കുഭാഗത്ത് മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. പള്ളാത്തുരുത്തിയിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. വേലൻതറയിൽ വീടിന് മുകളിൽ മരംവീണ് മേൽക്കൂരയിലെ  ഷീറ്റുകൾ തകർന്നു. ഷീറ്റ്‌ വീണ്‌ ഒരാൾക്ക്‌ പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top