28 December Saturday
യുടിയുസി സംസ്ഥാന സമ്മേളനം

ഉദ്‌ഘാടനം പ്രേമചന്ദ്രൻ,
ഷിബു ബേബിജോണിനെ വെട്ടി

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2024
കൊല്ലം
യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (യുടിയുസി)സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുന്നതിൽനിന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിനെ വെട്ടി. ശനിയും ഞായറും കൊല്ലത്ത് നടക്കുന്ന സമ്മേളനം ഉദ്‌ഘാടനംചെയ്യുന്നത്‌ എൻ കെ പ്രേമചന്ദ്രൻ എംപിയാണ്‌. മുൻകാലങ്ങളിൽ യുടിയുസി സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്‌തിരുന്നത്‌ അഖിലേന്ത്യ ഭാരവാഹികളോ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയോ ആയിരുന്നു. ഇക്കുറി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്ക് പ്രധാനപ്പെട്ട ഒരു റോളുമില്ല. ഉദ്‌ഘാടന സമ്മേളനത്തിൽ ആദ്യകാല നേതാക്കളെ ഷിബു ബേബിജോൺ ആദരിക്കുമെന്നാണ്‌ നോട്ടീസിൽ പറയുന്നത്‌. 
മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ എതിർപ്പിനെ തുടർന്നാണ്‌ ഷിബുവിനെ ഒഴിവാക്കി പ്രേമചന്ദ്രനെ തീരുമാനിച്ചതെന്നാണ്‌ സൂചന. ഷിബുവിനെ ഒഴിവാക്കാൻ യുടിയുസി അഖിലേന്ത്യ പ്രസിഡന്റായ താൻതന്നെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യാമെന്ന്‌ അസീസ്‌ പറഞ്ഞതോടെ സംസ്ഥാന നേതൃത്വം എങ്കിൽ പ്രേമചന്ദ്രൻ ഉദ്‌ഘാടനംചെയ്യട്ടെ എന്ന്‌ ധാരണയിൽ എത്തുകയായിരുന്നു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായശേഷം എ എ അസീസ്‌ പാർടി നേതൃത്വവുമായി അകന്നുകഴിയുകയാണ്‌. പുതിയ സെക്രട്ടറിയായി വന്ന ഷിബു ബേബിജോണിനെ യുടിയുസി പരിപാടികളിൽ പങ്കെടുപ്പിക്കാറില്ല. കൊല്ലത്ത്‌ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളിലോ ഘടക യൂണിയനുകളുടെ സമ്മേളനങ്ങളിലോ ഷിബുവിനെ അടുപ്പിച്ചില്ല. ഇതിന്റെ തുടർച്ചയായാണ്‌ യുടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടക സ്ഥാനത്തുനിന്ന് ആർഎസ്‍പി സംസ്ഥാന സെക്രട്ടറിയെ മാറ്റിനിർത്തിയതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top