23 December Monday

പാട്ടെഴുത്തിൽ 
ചെന്താമരപ്പൂവിൻ ചന്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഹരീഷ് മോഹനെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം 
ടി വി രാജേഷ്, എം വിജിൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചപ്പോൾ.

മാട്ടൂൽ (കണ്ണൂർ)
കാവുകളിൽ  അണിയറയിലും അരങ്ങിലും കണ്ണുചിമ്മാതെയിരുന്ന്‌ തെയ്യംകണ്ട ഹരീഷ്‌ മോഹന്‌  തെയ്യം പ്രമേയമായ ഗാനരംഗത്തിന്‌  വരികളൊരുക്കാൻ ഒട്ടു ചിന്തിക്കേണ്ടി വന്നില്ല. ‘ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ള, ചെന്തളിർപ്പൂതേടി വീണിതയ്യോ..’തുടങ്ങിയ വരികൾ ചാവേർ സിനിമയ്‌ക്കായി  തോറ്റംപാട്ടിന്റെ ശൈലിയിൽ  ജസ്‌റ്റിൻ വർഗീസിന്റെ സംഗീതത്തിൽ  സി പി പ്രണവും സന്തോഷ്‌ വർമയും ആലപിച്ചപ്പോൾ ആലാപനത്തിൽ  പുതിയൊരുശൈലിയുമായി. ലളിതമാർന്ന അർഥഗാംഭീര്യമുള്ള വരികൾക്കാണ്‌  മാടായി മൂലക്കീൽ സ്വദേശിയായ ഹരിഷ്‌ മോഹന്‌ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്‌. കലാ സാംസ്കാരിക പ്രവർത്തനത്തോടൊപ്പം സാമൂഹ്യ പ്രവർത്തന രംഗത്തും നിറസാന്നിധ്യമാണ്‌ ഹരീഷ്‌. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്‌ത ‘കനകം കാമിനി കലഹ’ത്തിലൂടെയാണ്‌ സിനിമയിലെ അരങ്ങേറ്റം. തേര്, ചാവേർ സിനിമകളിലെ മുഴുവൻ ഗാനങ്ങളും രചന രചിച്ചു. ഇൻക്വിലാബ്, ചന്ദ്രേട്ടായനം, സംതിങ് ഫിഷി, ഉള്ളം തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങൾക്കും  തിരക്കഥ, ഗാനരചനയുമൊരുക്കി. സംസ്ഥാന സർക്കാരിന്റെ  അന്ത്യാരാഷ്ട്ര ഹ്രസ്വചലിച്ചിത്രമേളയിലും ഹരീഷ്‌ അണിയറിയിൽ പ്രവർത്തിച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  ബിടെക് ബിരുദധാരിയാണ്‌.  ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ചാർട്ടേഡ് അക്കൗണ്ട് ഗ്രൂപ്പ്‌ ജീവനക്കാരനുമാണ്‌. നിലവിൽ രണ്ട് സിനിമകളുടെ തിരക്കഥാരചനയിലാണ്.   സിപിഐ എം മൂലക്കീൽ ഈസ്റ്റ് ബ്രാഞ്ചംഗമായ ഹരീഷ്‌ ടി എം മോഹനന്റെയും കെ വി രമണിയുടെയും മകനാണ്. എം വിജിൻ എംഎൽഎ, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, എന്നിവരുൾപ്പെടെ വീട്ടിലെത്തി അനുമോദിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top