ആലപ്പുഴ
നീലംപേരൂർ പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണി ഉത്സവത്തിന് അവിട്ടംനാളിൽ ചൂട്ടുവച്ച് തുടക്കമായി. ഒക്‌ടോബർ ഒന്നിന് പുലർച്ചെയാണ് പൂരം പടയണി. ചൊവ്വ, ബുധൻ, വ്യാഴം രാത്രി 10ന് ചൂട്ടുപടയണി.
രണ്ടാംഘട്ടമായി 20ന് രാത്രി 10ന് പൂമരമാണ് പടയണിക്കളത്തിലെത്തുക. 21ന് തട്ടുകുടയും 22ന് പാറാവളയവും പടണിക്കളത്തിലെത്തും. 23ന് രാത്രി കുടനിർത്ത്. ഇതോടൊപ്പം കുടംപൂജകളിയും തോത്താകളിയും. മൂന്നാം ഘട്ടമായി 24ന് രാത്രിമുതൽ പ്ലാവിലക്കോലങ്ങൾ കളത്തിലെത്തും. ആദ്യദിവസം താപസക്കോലം. 25ന് ആനയും 26ന് ഹനുമാനും കളത്തിലെത്തും 27ന് പ്ലാവിലനിർത്ത്. ഭീമസേനനാണ് ഈ ദിനത്തിലെ പ്ലാവിലക്കോലം, കുടംപൂജകളി, തോത്താകളി, തുടർന്ന് പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്.
28ന് പിണ്ടിയും കുരത്തോലയും, 29ന് കൊടിക്കൂറ, കാവൽപിശാച് എന്നിവ പടയണിക്കളത്തിലെത്തും. നാലാംഘട്ടമായ സമാപനദിനങ്ങളിൽ 30ന് മകം പടയണി. പകൽ ഒന്നിന് ചിറമ്പുകുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി. തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്.
ഒക്‌ടോബർ ഒന്നിന് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തിൽ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി. 12ന് ഉച്ചപ്പൂജ കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്. രാത്രി എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിക്കൽ, രാത്രി 10ന് കുടംപൂജകളി, 10.30ന് സർവപ്രായശ്ചിത്തം. തുടർന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ പി കെ മനോജ്കുമാർ ചേരമാൻ പെരുമാൾ നടയിലെത്തി അനുജ്ഞവാങ്ങും. തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം. 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളത്തോടെ നീലംപേരൂർ പടയണിക്ക് സമാപനമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..