23 December Monday
അനോബ്‌ ആനന്ദ്‌

പ്രകൃതിയിൽനിന്നൊരു മായൻ; 
അത്ഭുതങ്ങളുടെ ചായമൻസ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ചായമൻസ

കിളിമാനൂർ 
ചായമൻസ... പേരിലെ കൗതുകം ഗുണത്തിലും സൂക്ഷിക്കുന്ന ഒന്നാണ്‌ ചായമൻസ അഥവാ ഷുഗർചീര. രക്തയോട്ടത്തിന്‌ അത്യുത്തമമായ ഈ ചീര എല്ലിനും പല്ലിനും ഒരുപോലെ ഗുണകരമാണ്‌. ഇത്തരമൊരു ഔഷധസസ്യത്തെ അതിന്റെ എല്ലാമേൻമയും വിളിച്ചറിയിക്കുംവിധം അടയാളപ്പെടുത്തുകയാണ്‌ "ചായമൻസ -അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെന്ററി. 
വളർച്ചാ കാലയളവിൽ ഒരിക്കൽ മാത്രം പുഷ്പിക്കുകയും പിന്നീട്‌ നശിച്ചുപോവുകയും ചെയ്യുന്ന ബഹുവർഷി ഗണത്തിൽപെട്ട ചായമൻസയുടെ സ്വദേശം മെക്സിക്കോയാണ് എന്നാണ്‌ കരുതപ്പെടുന്നത്‌. പരമ്പരാഗത ഔഷധ നിർമാണത്തിനും ഭക്ഷണപദാർഥമായും മായൻവംശജർ ഇത് ഉപയോഗിച്ചുപോന്നിരുന്നു. ഇന്നിപ്പോൾ കേരളത്തിലും ചായമൻസ സുലഭമാണ്. ഏത് കാലാവസ്ഥയെയും അതിജീവിച്ച് വളരുന്നതാണ്‌ ഈ സസ്യം. 
വിറ്റാമിനുകളുടെയും മിനറൽസിന്റെയും കലവറതന്നെ! പല ജീവിതശൈലീ രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. മരച്ചീനിയിലേതുപോലെ ഹൈഡ്രോസയാനിക്‌ ആസിഡിന്റെ അംശം അടങ്ങിയതിനാൽ ഇലകൾ 20 മിനിറ്റോളം മൺചട്ടിയിൽതന്നെ പാകംചെയ്യേണ്ടതുണ്ട്‌. 
ഇലക്കറികളിൽ സാധാരണ ഉള്ളതുപോലെ ഇരുമ്പിന്റെ അംശം ചായമൻസയിലുമുണ്ട്‌. ഇല കറിവച്ച്‌ കഴിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കും. അതുവഴി ഹൃദയാരോഗ്യവും നിലനിർത്താം. കാത്സ്യം ധാരാളമായി അടങ്ങിയിട്ടുമുണ്ട്‌.  ചായമൻസയുടെ ഇലകൾ വെള്ളത്തിലിട്ട്‌ 20 മിനിറ്റോളം തിളപ്പിച്ച് ആ വെള്ളത്തിൽ അൽപ്പം നാരങ്ങാ നീരും ഉപ്പും ചേർത്ത് കുടിക്കാം, ഇതാണ് ചായമൻസ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത്‌ സഹായകമാണ്‌. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ ദഹനവും സുഗമമാക്കുന്നു. അമിതവണ്ണം കുറയ്‌ക്കാനും ഉപകരിക്കും. 
ഇത്രയും സവിശേഷതകളടങ്ങി യ സസ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്‌ "ചായമൻസ -അത്ഭുതങ്ങളുടെ മായൻ'. തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപികയായ ബിന്ദു നന്ദനയാണ്. ഡോക്യുമെന്ററിയുടെ പോസ്റ്റർ ജോർജ്‌ ഓണക്കൂർ പ്രകാശിപ്പിച്ചു.  സുനിൽ കൊടുവഴന്നൂരിന്റേതാണ്‌ ആശയം. ആര്യൻ എസ് ബി നായരാണ് സങ്കേതിക സഹായം. സ ന്തോഷ് ഏച്ചിക്കാനം, പ്രജേഷ് സെൻ തുടങ്ങി നിരവധി പ്രമുഖർ ഡോക്യുമെന്ററിക്ക് ആശംസകൾ അർപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top