18 October Friday

എംഎൽഎയുടെയും നഗരസഭയുടെയും അനാസ്ഥ ജനറൽ ആശുപത്രിയിൽ 
35 കോടിയുടെ പദ്ധതി മുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി

കൽപ്പറ്റ
നഗരസഭയും എംഎൽഎയും തിരിഞ്ഞുനോക്കാത്തതിനാൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ 35 കോടിയുടെ വികസനം മുടങ്ങുന്നു. അത്യാഹിതം നേരിടാൻ ആശുപത്രിക്ക്‌ അനുവദിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റും കാഷ്വാലിറ്റി കം ഇൻപേഷ്യന്റ്‌ ബ്ലോക്കുമാണ്‌ നഷ്‌ടപ്പെടലിന്റെ വക്കിൽ.
 കെട്ടിടം നിർമിക്കാൻ ആശുപത്രിയോട്‌ ചേർന്ന്‌ പുതിയ സ്ഥലം കണ്ടെത്താൻ തയ്യാറാകാത്തതിനാലാണ്‌ കോടികളുടെ പദ്ധതി മുടങ്ങുന്നത്‌. ക്രിട്ടിക്കൽ കെയർ യൂണിറ്റിന്‌ (സിസിയു) 2023 മാർച്ചിൽ 23.75 കോടി രൂപ അനുവദിച്ചു. കിഫ്‌ബി വഴിയുള്ള കാഷ്വാലിറ്റി ബ്ലോക്കിന്‌ 10 കോടിരൂപയുടെ സാങ്കേതിക അനുമതി നൽകിയിട്ട്‌ രണ്ടുകൊല്ലം പിന്നിട്ടു. സ്ഥലം ഏറ്റെടുപ്പിലേക്കുൾപ്പെടെ കടക്കാൻ നഗരസഭയ്‌ക്കോ, ജില്ലാ അധികൃതർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എംഎൽഎയും ഇതിനുള്ള ശ്രമം നടത്തുന്നില്ല. അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത്‌ കെട്ടിടം നിർമിച്ചില്ലെങ്കിൽ പദ്ധതിക്കുള്ള തുക നഷ്‌ടമാകും. 
 സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ 1.5 ഏക്കർ ഏറ്റെടുത്ത് പുതിയ കെട്ടിടം പണിയാനായിരുന്നു ആലോചന. ഭൂമി നൽകാമെന്ന്‌ ഇവർ അറിയിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള  ഇടപെടലുകളുണ്ടായില്ല. ആശുപത്രിയുടെ എതിർവശമുള്ള സ്വകാര്യഭൂമി വിൽക്കാൻ ഉടമകൾ സന്നദ്ധത അറിയിച്ചെങ്കിലും അവരുമായി ബന്ധപ്പെടാനും എംഎൽഎ ഉൾപ്പെടെയുള്ളവർ തയ്യാറായിട്ടില്ല. 
 
നഷ്‌ടമാകുക 
അത്യാഹിതം 
നേരിടാനുള്ള സൗകര്യം
കെട്ടിടങ്ങൾക്കായി പുതിയ സ്ഥലം കണ്ടെത്താത്തതിനാൽ ജില്ലാ ആസ്ഥാനത്തിന്‌ നഷ്‌ടമാകുക ഗുരുതര അത്യാഹിതം നേരിടാനുള്ള വിപുലമായ സൗകര്യം. അപകടങ്ങളും അത്യാഹിതവും നേരിടാൻ ആശുപത്രിയെ സജ്ജമാക്കുന്ന രീതിയിലാണ്‌ ആരോഗ്യവകുപ്പ്‌ സിസിയുവിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുള്ളത്‌. സിസിയു യാഥാർഥ്യമാക്കിയാൽ 50 കിടക്കകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ മികച്ച പരിചരണമാണ്‌ സാധാരണക്കാർക്ക്‌ ലഭിക്കുക. നിലവിലെ കാഷ്വാലിറ്റി ബ്ലോക്കിനുമുമ്പിൽ വിപുലമായ പ്രഥമശുശ്രൂഷാ കേന്ദ്രം, ഐസിയു, രണ്ട്‌ ഓപ്പറേഷൻ തിയറ്റർ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിയാണ്‌ കാഷ്വാലിറ്റി കം ഇൻപേഷ്യന്റ്‌ ബ്ലോക്ക്‌. നിലവിൽ ഉദ്ദേശിച്ചിടത്ത്‌ സ്ഥലപരിമിതി ഉള്ളതിനാലാണ്‌ പദ്ധതിക്ക്‌ സാമ്പത്തിക അനുമതി ലഭിക്കാതെ ഫണ്ട്‌ നഷ്‌ടമാകാൻ സാധ്യതയുള്ളത്‌.
 
ഭാവിയിലെ 
പദ്ധതികളും 
മുടങ്ങും
സ്ഥലം കണ്ടെത്താനാകാതെ  ക്രിട്ടിക്കൽ കെയർ യൂണിറ്റും കാഷ്വാലിറ്റി കം ഇൻപേഷ്യന്റ്‌ ബ്ലോക്കും നഷ്‌ടമായാൽ ജനറൽ ആശുപത്രി പൂർണ മുരടിപ്പിലേക്ക്‌ നീങ്ങും. അനുവദിച്ച തുക വിനിയോഗിക്കാൻ കഴിയാതെ വന്നാൽ പുതിയ പദ്ധതികളിലൊന്നും തുടർന്ന്‌ ആശുപത്രിയെ പരിഗണിക്കില്ല. സമയബന്ധിതമായി സ്ഥലം കണ്ടെത്തിയാൽ ഭാവിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കായിരിക്കും ആശുപത്രി ഉയരുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top