19 November Tuesday
വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ നീക്കണം

തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കേരള വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസ് ഉപരോധിക്കുന്നു

മാവേലിക്കര
തെക്കേക്കര പഞ്ചായത്തിന്റെ കീഴിലെ കുറത്തികാട് ചന്തയിൽ രണ്ട്‌ പതിറ്റാണ്ടായി വാട്ടർ അതോറിറ്റി സൂക്ഷിച്ചിരിക്കുന്ന കൂറ്റൻ പൈപ്പുകൾ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കേരള വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ മാവേലിക്കരയിലെ ഓഫീസ് ഉപരോധിച്ചു. വൈസ്‌പ്രസിഡന്റ് മിനി ദേവരാജൻ, സ്ഥിരംസമിതി അധ്യക്ഷരായ വി രാധാകൃഷ്‌ണൻ, ജയശ്രീ ശിവരാമൻ, പഞ്ചായത്തംഗങ്ങൾ ജോൺ വർഗീസ്, ജി വിജയകുമാർ, ജി ശ്രീലേഖ, ഗീത മുരളി, ബിന്ദു ചന്ദ്രഭാനു, സലീന വിനോദ്, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, രമണി ഉണ്ണികൃഷ്‌ണൻ, ശ്രീകല വിനോദ് എന്നിവർ പങ്കെടുത്തു. 
   പൈപ്പുകൾ നീക്കണമെന്നാവശ്യപ്പെട്ട് നാലുവർഷമായി വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കടക്കം പഞ്ചായത്ത് നിരവധി പരാതി അയച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ജൂലൈ ഒമ്പതിനാണ് ഒടുവിൽ പരാതി നൽകിയത്. പൈപ്പുകൾ കിടക്കുന്ന ഭാഗം കാടുപിടിച്ചിരിക്കുന്നു. ചന്തവളപ്പിന്റെ മുക്കാൽ ഭാഗവും ഉപയോഗിക്കാനാകാത്ത നിലയിലാണ്. വിഷപ്പാമ്പുകളുടെ ശല്യവുമുണ്ട്. 
ചന്തയുടെ നവീകണത്തിന്‌ പഞ്ചായത്തിന് പദ്ധതിയുണ്ട്. എന്നാൽ പൈപ്പുകൾ നീക്കാത്തതിനാൽ ഈ ഭാഗത്തെ മാലിന്യം നീക്കാനോ നവീകരണം നടത്താനോ കഴിയുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. 
  വാട്ടർ അതോറിറ്റി പ്രോജക്‌ട്‌ ഡിവിഷൻ ആലപ്പുഴ പ്രോജക്‌ട്‌ മാനേജരുടെയും അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരുടെയും ഒഴിവുകൾ നികത്തിയിട്ടില്ലെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കുന്ന മുറയ്‌ക്ക്‌ പൈപ്പുകൾ മാറ്റാൻ തീരുമാനിക്കുമെന്നും പ്രോജക്‌ട്‌ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഴുതി നൽകിയതിനെത്തുടർന്ന് രണ്ടാഴ്‌ചത്തേക്ക് സമരം നിർത്തിവയ്‌ക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ടിങ് എൻജിനിയർ ഗിരീഷ്  പ്രസിഡന്റിന് ഉറപ്പും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top