25 November Monday
ചെലവ് 
3 കോടി

3 പദ്ധതിയുടെ നിര്‍മാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ഇറവങ്കര സ്‍കൂൾ മൈതാനത്തെ കളിക്കളം നിർമാണത്തിന്റെ ശിലാഫലകം എം എസ് അരുൺകുമാർ എംഎൽഎ അനാച്ഛാദനംചെയ്യുന്നു

 മാവേലിക്കര

നിയോജക മണ്ഡലത്തിൽ മൂന്നു കോടി ചെലവഴിച്ചുള്ള മൂന്നു പദ്ധതികൾ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ വിനിയോഗിച്ച് തഴക്കര പഞ്ചായത്തിലെ 7,8 വാർഡുകളിലായി നിർമിക്കുന്ന പഴഞ്ചിറക്കുളം നീന്തൽ പരിശീലന കേന്ദ്രം, ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക വകുപ്പിന്റെ 50 ലക്ഷവും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും ഉൾപ്പെടെ ഒരു കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന ഇറവങ്കര ജിവിഎച്ച്എസ് സ്‌കൂൾ മൈതാനം, സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ച് ചുനക്കര പഞ്ചായത്തിൽ നിർമിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം എന്നിവയുടെ നിർമാണമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 
എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ശിലാഫലകങ്ങൾ എംഎൽഎ അനാച്ഛാദനം ചെയ്തു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി കെ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. തഴക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അംബിക സത്യനേശൻ, മഞ്ജുളാദേവി, ജി ആതിര, എ എസ് ശ്രീലത, ഷാലി പി ജോൺ, ഷീല രവീന്ദ്രനുണ്ണിത്താൻ, ജി കെ ഷീല, എസ് അനിരുദ്ധൻ, പഞ്ചായത്തംഗങ്ങൾ, മുരളി തഴക്കര, എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു. 
75 മീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള പഴഞ്ചിറക്കുളം നീന്തൽ പരിശീലന കേന്ദ്രത്തിന്റെ വശങ്ങളിലുള്ള സംരക്ഷണ ഭിത്തിയുടെ പുനർനിർമാണം, കുളത്തിന്റെ അടിത്തട്ടിലെ ചെളി മാറ്റി ആഴം കൂട്ടൽ, വശങ്ങളിൽ ഹാൻഡ് റെയിൽ സ്ഥാപിക്കൽ, പടവുകളുടെ നിർമാണം, അനുബന്ധ വൈദ്യുതീകരണ പ്രവൃത്തികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ഇറവങ്കര സ്‌കൂൾ മൈതാന കളിക്കളം പദ്ധതിയിൽ പ്രധാനമായും 57.4 മീറ്റർ നീളവും 32.5 മീറ്റർ വീതിയുമുള്ള മഡ് കോർട്ട്, സ്റ്റെപ്പ് ഗ്യാലറി, ഓപ്പൺ ജിം, ഡ്രയിനേജ്, ഫെൻസിങ്, അടുത്ത 3 വർഷത്തെ പരിപാലനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 
ചുനക്കര പഞ്ചായത്ത് സ്റ്റേഡിയം പദ്ധതിയിൽ 55 മീറ്റർ നീളവും 36 മീറ്റർ വീതിയുമുള്ള മൾട്ടിപർപ്പസ് മഡ്‌കോർട്, റീറ്റെയിനിങ് വാൾ, സ്‌റ്റെപ് ഗാലറി, ഡ്രയിനേജ്, ഫെനിസിങ്, നെയിംബോർഡ്, വൈദ്യുതീകരണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നു പദ്ധതികളുടെയും നിർമാണ കാലാവധി 6 മാസമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top