22 December Sunday
ഒരുവീട്‌ തകർന്നു, നിരവധി വീടുകളിൽ വെള്ളം കയറി

തീരം വിറപ്പിച്ച്‌ കള്ളത്തിര

സ്വന്തം ലേഖകർUpdated: Thursday Oct 17, 2024

കള്ളമല്ല ഈ തിര... കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് വളഞ്ഞവഴിയിൽ കരയിലേക്ക് ഇരച്ചുകയറുന്ന തിരമാല ഫോട്ടോ: കെ എസ് ആനന്ദ്

അമ്പലപ്പുഴ/ഹരിപ്പാട്‌
ജില്ലയുടെ തീരത്ത്‌ ദുരിതം വിതച്ച്‌ കള്ളക്കടൽ പ്രതിഭാസം. അപ്രതീക്ഷിതമായി തീരത്തേക്ക്‌ ആഞ്ഞടിച്ച തിരയിൽ വീടും ചെമ്മീൻ പീലിങ് ഷെഡും തകർന്നു. തെക്കൻ മേഖലയിലെ തീരങ്ങളിലാണ്‌ ബുധൻ പുലർച്ചെ മുതൽ ശക്തമായ തിരയടിച്ചത്‌. അമ്പലപ്പുഴ തെക്ക്‌, അമ്പലപ്പുഴ വടക്ക്‌, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിൽ തീരദേശപാതയിലും വെള്ളംകയറി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14–--ാം വാർഡിൽ കോമന പുതുവലിൽ സജിത്തിന്റെ വീട്‌ പുലർച്ചെ തകർന്നു. പുനർഗേഹം പദ്ധതിയിൽ പുന്നപ്രയിൽ സജിത്തിനും കുടുംബത്തിനും വീട്‌ നിർമിക്കുന്നുണ്ട്‌. നിർമാണം പൂർത്തിയാകാത്തതിനാൽ കുടുംബം ഇവിടെ താമസം തുടരുകയായിരുന്നു. സമീപത്തെ പുതുവൽ ജോൺകുട്ടിയുടെ വീടും തകർച്ചാ ഭീഷണിയിലാണ്. വെള്ളം ഇരച്ചുകയറിയെത്തിയതിനെ തുടർന്ന് സമീപത്തെ വീടുകളിൽനിന്ന്‌ അഞ്ചുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. 
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15–--ാം വാർഡിൽ "എൻടിഎസ്' ചെമ്മീൻ പീലിങ് ഷെഡും തകർന്നു. കടൽ ഭിത്തിയും കഴിഞ്ഞ്‌ കരയിലേക്ക് വെള്ളം ഇരമ്പിയെത്തുകയായിരുന്നെന്ന്‌ തീരവാസികൾ പറഞ്ഞു. ടെട്രാപോഡ് നിരത്തിയ ഇടങ്ങളിൽ തീരത്തേക്ക് വർധിച്ച തോതിൽ വെള്ളം എത്താത്തത് ആശ്വാസമാണെന്നും നാട്ടുകാർ പറഞ്ഞു. തെങ്ങുകളും മരങ്ങളും കാറ്റിൽ കടപുഴകി. പുതുവൽ സുരേന്ദ്രന്റെ വീട് നേരത്തെ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. പുറക്കാട് പഞ്ചായത്തിലെ പായൽക്കുളങ്ങര, അയ്യൻകോയിക്കൽ വാർഡുകളിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക് 13–--ാം വാർഡിൽ പുതുവൽ സനീഷിന്റെ കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു. 50 ഓളം വീടുകളിലും വെള്ളം കയറി. പുതുവൽ അശോകൻ, പുതുവൽ ആനന്ദൻ, പുതുവൽ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരുടെ വീടുകളിലാണ്‌ വെള്ളം കയറിയത്‌. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ നൂറോളം വീടുകൾ വെള്ളത്തിലായി.
തിരയിൽ മുങ്ങി 
തീരദേശ റോഡുകൾ  
ആറാട്ടുപുഴ പത്തിശേരിയിലും തൃക്കുന്നപ്പുഴ മംഗലം, പതിയാങ്കര മൂത്തേരിൽ, പ്രണവം ജങ്ഷൻ, ഗസ്റ്റ് ഹൗസ് ജങ്‌ഷൻ എന്നിവിടങ്ങളിൽ തീരദേശപാതയ്‌ക്ക്‌ മുകളിലൂടെയാണ് കടൽ വെള്ളമൊഴുകുന്നത്‌. റോഡിന് പടിഞ്ഞാറ്‌ നിരവധി വീടുകളിൽ വെള്ളം കെട്ടിനിൽക്കുന്നു. മണലും മാലിന്യവും റോഡിൽ നിറഞ്ഞ്‌ ഗതാഗത തടസവുമുണ്ടായി. തൃക്കുന്നപ്പുഴ മതുക്കൽ ഭാഗത്ത് റോഡിൽ മണൽ നിറഞ്ഞ്‌ ഇരുചക്ര വാഹനയാത്ര പോലും ദുഃസ്സഹമായി. ചേലക്കാട്ട് നാട്ടുകാർ റോഡ്‌ ഉപരോധിച്ച്‌ പ്രതിഷേധിച്ചു. 
പത്തിശേരിയിൽ കടൽഭിത്തി 10 മീറ്ററോളം ഇടിഞ്ഞിടത്ത്‌ രണ്ടുവീടുകൾ തകർച്ചാ ഭീഷണിയിലാണ്. വലിയ കടവിൽ പടീറ്റതിൽ സദാനന്ദൻ, സിന്ധുഭവനത്തിൽ രാധ എന്നിവരുടെ വീടുകളുടെ ഭിത്തിക്ക് വിള്ളൽവീണു. വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. പതിയാങ്കരയിൽ ടെട്രാപോഡുകൾ നിരത്തുന്നതിനിടെ മണ്ണടിഞ്ഞ് മണ്ണുമാന്തി യന്ത്രം കുടുങ്ങി പുലിമുട്ട്‌  നിർമാണം തടസപ്പെട്ടു. ആറാട്ടുപുഴ എം ഇ എസ് ജങ്ഷനിൽ മണൽ ചാക്കുകൾക്ക് മുകളിലൂടെ റോഡിലേക്ക് തിരയടിച്ച്‌ കയറി. മംഗലം കുറിച്ചിക്കൽ ഭാഗത്ത് കടൽ ഭിത്തിക്ക് സമീപം സൂക്ഷിച്ച മത്സ്യബന്ധന ഉപകരണങ്ങൾ ഒഴുകിപ്പോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top