21 November Thursday

സെക്യൂരിറ്റിക്ക്‌ നോ സെക്യൂരിറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കാസർകോട്‌

നഗരത്തിലെ എടിഎം കേന്ദ്രത്തിലും ബാങ്കിന്‌ മുന്നിലും ചെറുവടിയും പിടിച്ച്‌ യൂണിഫോമിൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ നാം കണ്ടിട്ടുണ്ട്‌. ആറായിരം രൂപ മുതൽ 25,000 രൂപ വരെ ശമ്പളം കിട്ടുന്ന ഈ മേഖലയിൽ യാതൊരു തൊഴിൽ സുരക്ഷയുമില്ല.
കുടുംബഭാരം ചുമലിലേറ്റി, വെയിലായാലും മഴയായാലും കാവൽജോലിയിൽ തുടരുന്ന ഇവർ നേരിടുന്നത്‌ കടുത്ത ചൂഷണമാണ്‌. ജില്ലയിൽ അയ്യായിരത്തോളം പേരാണ്‌ ഈ മേഖലയിലുള്ളത്‌. 60 വയസുകഴിഞ്ഞവരെ ഈ മേഖലയിൽ ജോലിക്ക്‌ വയ്ക്കരുത്‌ എന്നാണ്‌ നിയമമെങ്കിലും, കുടുംബഭാരം മൂലം പലരും പിന്നെയും ജോലി തുടരുന്നു. തുടരുന്ന ദാരിദ്ര്യം മൂലം ഈ മേഖലയിലെ തൊഴിൽ ചൂഷണത്തെ എതിർക്കാനും അവർക്കാകുന്നില്ല. കുറഞ്ഞ കൂലിയിൽ ജോലിക്ക്‌ തയ്യാറാണെന്ന്‌ കാട്ടിപ്പോലും ആൾക്കാർ ഈ മേഖലയിലേക്ക്‌ എത്തുന്നു.
മിനിമം വേതനവും സമയവുമില്ല
2017 ലെ മിനിമം വേതന നിയമപ്രകാരം 14,500 രൂപയാണ്‌ സെക്യൂരിറ്റി മേഖലയിലെ മിനിമം വേതനം. എട്ടുമണിക്കൂർ ജോലി ചെയ്യുന്നതിനാണിത്‌. ഇതൊന്നും ഒരിടത്തും കൃത്യമായി പാലിക്കുന്നില്ല. ആറായിരം രൂപ മുതലാണ്‌ പലയിടത്തും കൂലിയായി കിട്ടുന്നത്‌. എട്ടുമണിക്കൂർ തൊഴിൽ നീതി എവിടെയുമില്ല. ഒരാൾ ജോലിക്ക്‌ കയറിയാൽ 12 മണിക്കൂർ മുതൽ 16 മണിക്കൂർ കഴിഞ്ഞാണ്‌ ഇറങ്ങുന്നത്‌. നിയമപ്രകാരം രണ്ടുദിവസത്തെ ജോലിയാണ്‌, ഒറ്റ ശമ്പളത്തിൽ സെക്യൂരിറ്റി കമ്പനിക്കാർ എടുപ്പിക്കുന്നത്‌.
2005ൽ പാർലമെന്റ്‌ പാസാക്കിയ സ്വകാര്യ സെക്യൂരിറ്റി ഏജൻസീസ്‌ (റെഗുലേഷൻ) നിയമം സെക്‌ഷൻ നാല്‌ പ്രകാരമാണ്‌ രാജ്യത്ത്‌ സ്വകാര്യ സെക്യൂരിറ്റി കമ്പനികൾ പ്രവർത്തിക്കുന്നത്‌. ഇതുപ്രകാരം സംസ്ഥാന അഭ്യന്തര വകുപ്പിൽ നിന്നുമാണ്‌ ലൈസൻസ്‌ എടുക്കേണ്ടത്‌. എന്നാൽ ഉത്തരേന്ത്യയിൽ നിന്നും വന്ന ചില സംഘങ്ങൾ, യാതൊരു ലൈസൻസും എടുക്കതെയാണ്‌ കൂണുപോലെ സെക്യൂരിറ്റി ഏജൻസി തുടങ്ങുന്നത്‌. ഇവരാണ്‌ 12 മുതൽ 16 മണിക്കൂർ വരെ ജോലിയെടുപ്പിച്ച്‌ പാവപ്പെട്ട സെക്യൂരിറ്റി ജോലിക്കാരെ പിഴിയുന്നത്‌.
സ്ഥാപനങ്ങളും ഏജൻസിയും തമ്മിലുള്ള കരാർ പ്രകാരം 24 മണിക്കൂർ സമയത്ത്‌ മൂന്നുപേരുടെ ഡ്യൂട്ടിയാണ്‌ ചെയ്യിക്കുന്നത്‌. എന്നാൽ തൊഴിലാളികൾക്ക്‌, മൂന്ന്‌ എന്നത്‌ രണ്ട്‌ തൊഴിൽദിനമായി ചുരുക്കുന്നു. ഒരുതൊഴിൽ ദിനത്തിന്റെ തുക കമ്പനിക്കാർ തട്ടിയെടുക്കുന്നു. കമ്പികളോട്‌ മിനിമം വേതനം പിടിച്ചുപറിക്കുന്ന കമ്പനിക്കാർ, അതിന്റെ പാതിപോലും ചിലർക്ക്‌ നൽകുന്നില്ല.
പിഎഫില്ല; ഇഎസ്‌ഐയും
അസമയത്ത്‌ വലിയ റിസ്‌ക്‌ എടുത്താണ്‌ സെക്യൂരിറ്റി ജീവനക്കാർ ജോലി നോക്കുന്നത്‌. കൂടുതലും അമ്പുവയസ്സ്‌ കഴിഞ്ഞവർ. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും അലട്ടുന്നവർക്ക്‌ ഇഎസ്‌ഐ സഹായം പോലും കിട്ടുന്നില്ല. പിഎഫും അധികം കമ്പനിക്കില്ല. അന്നന്ന്‌ പണിയെടുപ്പിച്ച്‌, പണം നൽകുന്ന ഒരുതരം കരാർ ജോലിയാണ്‌ ഇവർക്ക്‌.
തുടക്കത്തിൽ വലിയ പ്രലോഭനമാണ്‌, ജോലിയിൽ വരുന്നവർക്ക്‌ നൽകുന്നത്‌. എന്നാൽ, രാത്രിയിൽ ഉപയോഗിക്കാൻ ഒരുടോർച്ച്‌ പോലും നൽകാത്ത കമ്പനികളുണ്ട്‌. യൂണിഫോം പോലും സ്വന്തം നിലയിൽ ജോലിക്കാർ തയ്‌ച്ചിടണം. നല്ല ഇസ്‌തിരിയിട്ട്‌ വന്നുനിൽക്കണം എന്നൊക്കെയാണ്‌ കമ്പനികൾ പറയുക. അതിനുതക്ക വരുമാനം കിട്ടുന്നുണ്ടോ എന്ന്‌ ചോദിച്ചാൽ കമ്പനികൾ കണ്ണുരുട്ടും. ബോണസ്‌, ഉത്സവബത്ത തുടങ്ങിയവ സങ്കൽപം മാത്രമാണ്‌ ഈ മേഖലയിൽ. ഓണത്തിനും മറ്റും 500 മുതൽ 1000 രൂപവരെ കൈമടക്ക്‌ നൽകി, സ്ഥലം വിടുകയാണ്‌ കമ്പനികൾ. പരാതിപ്പെടാൻ നിർവാഹമില്ലാത്ത തൊഴിലാളികൾ, മൗനമായി എല്ലാം സഹിക്കുകയാണ്‌. 
ഉത്തരേന്ത്യയിലെ വലിയ കമ്പനികളാണ്‌ ജില്ലയിൽ സെക്യൂരിറ്റിക്കാരെ നൽകുന്നത്‌. അവർ കൊച്ചിയിലും കോഴിക്കോട്ടും മറ്റും ഓഫീസ്‌ തുറന്ന്‌, പാവങ്ങളെ ചൂഷണം ചെയ്യുകയാണ്‌. ജില്ലയിൽ ഇത്തരം അമ്പതോളം സെക്യൂരിറ്റി ഏജൻസികളുണ്ട്‌. മുമ്പ്‌ പ്രായമേറിയവരാണ്‌ ഈ ജോലിക്ക്‌ വരുന്നതെങ്കിൽ, ഇപ്പോൾ ചെറുപ്പക്കാരും ഈ മേഖലയിൽ സജീവമാണ്‌. കൂണുപോലെ മുളച്ചുപൊന്തുന്ന അംഗീകാരമില്ലാത്ത കടലാസ്‌ സെക്യൂരിറ്റി കമ്പനികളും ചിലയിടത്തുണ്ട്‌. പരിശോധനയും മറ്റും വന്നാൽ ഓഫീസുകൾ മാറ്റി മാറ്റിക്കളിക്കും.
അടിയന്തര ശ്രദ്ധവേണം
മടിക്കൈ, പൈവളിഗെ എന്നിവടങ്ങളിലെ സോളാർ പാടങ്ങളിൽ മുപ്പതോളം സെക്യൂരിറ്റി ജീവനക്കാരുണ്ട്‌. മുന്നൂറിലധികം ഏക്കർ വിസ്‌തൃതിയുള്ള ഈ പ്രദേശത്ത്‌ അസമയത്ത്‌ അഞ്ചോ ആറോ പോയന്റുകളിലാണ്‌ സെക്യൂരിറ്റിക്കാരുള്ളത്‌. ഇഴജന്തുക്കളും മറ്റുകാട്ടു മൃഗങ്ങളും വിഹരിക്കുന്ന ഇവിടെ സ്വരക്ഷയ്‌ക്ക്‌ വെറും ലാത്തി മാത്രമാണുള്ളത്‌. പ്രാഥമിക സൗകര്യം പോലും ഇവിടെ പലയിടത്തും ഏർപ്പെടുത്തിയിട്ടില്ല. പൊളിഞ്ഞുവീഴാറായ കാബിനുകളിൽ കുടിവെള്ള സൗകര്യം പോലുമില്ല.
നഗരപ്രദേശത്ത്‌ സാമൂഹ്യ വിരുദ്ധരുടെയും അക്രമികളുടെയും ശല്യവും രാത്രിയിൽ ഉണ്ടായേക്കും. മംഗൽപ്പാടിയിൽ ബാങ്ക്‌ കൊള്ളക്കിടയിൽ സെക്യൂരിറ്റി ജീവനക്കാരന്‌ ഗുരുതരമായി പരിക്കേറ്റു. ലീവോ ഓഫോ ബാധകമല്ലാത്ത തൊഴിൽ മേഖലയിൽ, ഉറക്കം കൃത്യമായി ഇല്ലാത്തതും ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നു.
ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടത്‌ തൊഴിൽവകുപ്പാണ്‌. ഉദ്യോഗസ്ഥർ, ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന നടത്തുന്നില്ലെന്ന്‌ സെക്യൂരിറ്റി ജീവനക്കാർക്ക്‌ പരാതിയുണ്ട്‌. മൂന്നുവർഷം മുമ്പ്‌ തൊഴിൽ വകുപ്പിൽ നിന്നുണ്ടായ ഇടപെടൽ മൂലം ജില്ലയിൽ ലേബർ എൻഫോഴ്‌സമെന്റ്‌ ഈ മേഖലയിൽ പരിശോധന നടത്തി, പിഴയീടാക്കിയിരുന്നു. അത്തരത്തിലുള്ള പരിശോധന ഉണ്ടാകണമെന്നാണ്‌ തൊഴിലാളി സംഘടനകളുടെ ആവശ്യം. 
അവഗണന, അധിക്ഷേപം
സ്ഥാപനങ്ങളുടെയും ചടങ്ങുകളുടെയും മുമ്പിൽ നിന്ന്‌ സുരക്ഷ ഒരുക്കുന്ന ജീവനക്കാരാണെങ്കിലും പരിഗണനയിൽ എന്നും പിന്നാമ്പുറത്താണ്‌ സെക്യൂരിറ്റി ജീവനക്കാർ. കടുത്ത അവഗണനയും അധിക്ഷേപവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ. വാഹന പാർക്കിങിന്റെയും മറ്റും കാര്യത്തിൽ ആൾക്കാർ തട്ടിക്കയറുന്നത്‌ ഇവരോടാണ്‌. കല്യാണം, പാർടി പോലുള്ള ചടങ്ങുകളിൽ, എല്ലാം കഴിഞ്ഞാലും ഭക്ഷണം കഴിച്ചോ എന്നൊരു ചോദ്യം പോലും ഇവരോട്‌ ആരും ചോദിക്കില്ല.
ചുമതലയിൽ പെടാത്ത കാര്യങ്ങൾ ചെയ്യിക്കാനും ചിലയിടത്ത്‌ പ്രേരിപ്പിക്കും. ഹോട്ടലുകൾക്ക്‌ മുന്നിൽ ബോർഡും പിടിച്ച്‌ കസ്‌റ്റമേഴ്‌സിനെ ആകർഷിക്കേണ്ട ചുമതലയും ചിലയിടത്ത്‌ ഇവർക്കാണ്‌.
പരിശോധന ശക്തമാക്കണം
പാർലമെന്റ്‌ പാസാക്കിയ സെക്യൂരിറ്റി നിയമം കർശനമാക്കിയാൽ തന്നെ ഈ മേലയിലെ  പ്രധാന പ്രശ്‌നങ്ങൾ തീരും. ലേബർ എൻഫോഴ്‌മെന്റ്‌ പരിശോധന ശക്തമാക്കിയാൽ വ്യാജ സെക്യൂരിറ്റി ഏജൻസികൾക്ക്‌ പൂട്ടിടാം. ജീവിതച്ചെലവ്‌ വർധിച്ചതിനാൽ 2017 ലെ മിനിമം വേതന നിയമം പുതുക്കണം, വ്യജ ഏജൻസിയെ നിയന്ത്രിക്കാനുള്ള കർശനമായ ഇടപെടലും വേണം.
നാരായണൻ തെരുവത്ത്‌, ജനറൽ സെക്രട്ടറി, ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ഹൗസ്‌ കീപ്പിങ്‌ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top