17 November Sunday

പരിശീലകനായി ക്രിക്കറ്റ്‌ താരം വെങ്കിട്ട്‌ രമണ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

എം വെങ്കിട്ട് രമണ കണ്ണൂരിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് പരിശീലനത്തിനിടെ

കണ്ണൂർ

ക്രിക്കറ്റിൽ ജില്ലയുടെ പ്രതീക്ഷകൾക്ക്‌ ചിറകേകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഓഫ് സ്പിന്നർ വെങ്കിട്ട് രമണ പരിശീലക വേഷത്തിൽ കണ്ണൂരിൽ. കലക്ടറേറ്റ്‌ മൈതാനിയിൽ അഞ്ചുദിവസമായി തുടരുന്ന പരിശീലനം ഞായറാഴ്‌ച സമാപിക്കും. ഗോ ഗേറ്റേഴ്സ് സ്പോർട്സ് അക്കാദമി  നേതൃത്വത്തിൽ നെറ്റ്‌സിൽ നടക്കുന്ന പരിശീലനത്തിൽ ഓഫ് –- ലെഗ് സ്പിന്നേഴ്സായ 15 കുട്ടികളുണ്ട്‌. അണ്ടർ 16 സംസ്ഥാന ടീമംഗങ്ങളായ  ഇമ്രാൻ അഷറഫ്, ആദ്യത്യൻ എസ് രാജ്, അണ്ടർ 14 പെൺകുട്ടികളുടെ സംസ്ഥാന  ടീമംഗങ്ങളായ ദിയ ധനു, ഭവ്യ നന്ദ എന്നിവരുമുണ്ട്‌.  അണ്ടർ 14  സംസ്ഥാന ടീമിന്റെ  സെലക്ഷൻ ക്യാമ്പിലിടം നേടിയ കാർത്തിക് പ്രസാദും ആരോമൽ അമേഷും പരിശീലനം നേടുന്നുണ്ട്‌.
 അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മികച്ച പ്രകടനം നടത്താൻ കഴിവുള്ള കുട്ടികളാണ് പരിശീലനത്തിനെത്തിയവരെന്ന്‌ വെങ്കിട്ട് രമണ പറഞ്ഞു.  മികച്ച കോച്ചുമാരുണ്ടായാൽ ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ വെങ്കിട്ട രമണ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിന്നറായിരുന്നു. നിലവിൽ ബിസിസിഐ ലെവൽ 3 കോച്ചും തമിഴ്നാട് ഡിണ്ടിഗൽ ഡ്രാഗൺസിന്റെ പരിശീലകനുമാണ്.
കലക്ടറേറ്റ് മൈതാനിയിൽ ഗോ ഗേറ്റേഴ്സ് സ്പോർട്സ് അക്കാദമി സ്ഥാപിച്ച ബോളിങ് മെഷിൻ വി ശിവദാസൻ എംപി സ്വിച്ച് ഓൺ ചെയ്തു.   സംസ്ഥാന സ്കൂൾ കായികമേളയിൽ ഫുട്ബോളിൽ ഗേൾസ് സീനിയർ, സബ് ജൂനിയർ ഗേൾസ്‌ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ ജില്ലാ ടീമുകളെ ചടങ്ങിൽ അനുമോദിച്ചു. വെങ്കിട്ട് രമണ, എ കെ നിസാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top