17 November Sunday

വിജയത്തിന്‌ നന്ദി 
കെ സുധാകരനോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചപ്പോൾ വിജയിച്ച ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരുടെ ആഹ്ലാദം

കോഴിക്കോട്‌
സിപിഐ എം പിന്തുണയോടെ ചേവായൂർ സർവീസ്‌ സഹകരണ ബാങ്കിൽ മത്സരിച്ച കോൺഗ്രസ്‌ വിമതർക്ക്‌ വിജയം ഉറപ്പാക്കിയത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘തടി വേണോ ജീവൻ വേണോ എന്ന കൊലവിളി’ പ്രസംഗമാണെന്ന്‌ കൺസ്യൂമർ ഫെഡ്‌ ചെയർമാൻ  എം മെഹബൂബ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പാർടി പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ സംരക്ഷണ മുന്നണിക്ക്‌ വിജയം സുനിശ്‌ചിതമായിരുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ ആറായിരത്തിലേറെ ആളുകളാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. ഇക്കുറി സിപിഐ എമ്മിന്‌ ബാങ്കിൽ നാലായിരത്തിലേറെ മെമ്പർമാരുണ്ട്‌. കോൺഗ്രസ്‌ വിമതർക്കും രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്‌.  
 സാധാരണരീതിയിൽ നടക്കുമായിരുന്ന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്‌ സുധാകരന്റെ കൊലവിളി പ്രസംഗമായിരുന്നു. ചേവായൂർ സഹകരണബാങ്കിൽ മത്സരിക്കുന്ന കോൺഗ്രസ്‌ വിമതർ തടി വേണോ ജീവൻ  വേണോ എന്ന്‌ ഓർക്കണമെന്നായിരുന്നു  ആ പ്രസംഗം. സഹകരണമേഖലയിൽ സംസ്ഥാനത്ത്‌ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന ബാങ്കിൽ കോൺഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ട അഴിമതിക്ക്‌ കൂട്ടുനിൽക്കാത്തതിനാണ്‌ ഇവരെ പുറത്താക്കിയത്‌. അഴിമതിക്ക്‌ കൂട്ടുനിൽക്കാത്ത കോൺഗ്രസ്‌ വിമതരെ സംരക്ഷിച്ചത്‌ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനാണെന്നും മെഹബൂബ്‌ പറഞ്ഞു. 
പാർടി മൊത്തം കൈപ്പിടിയിലൊതുക്കിയ ഡിസിസി പ്രസിഡന്റും  പവർ ഗ്രൂപ്പും  സഹകരണമേഖലയും കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ്‌ തെരഞ്ഞെടുപ്പിൽ പാളിയതെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ ജി സി പ്രശാന്ത്‌കുമാറും  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top