തൃശൂർ
ബിന്നി ഇമ്മട്ടി നഗർ (പാട്ടുരായ്ക്കൽ നളിനം ഓഡിറ്റോറിയം )
സിപിഐ എം തൃശൂർ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. ബിന്നി ഇമ്മട്ടി നഗറിൽ (പാട്ടുരായ്ക്കൽ നളിനം ഓഡിറ്റോറിയം) വി കെ ഹാരിഫാബി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പി എ പുരുഷോത്തമൻ താൽക്കാലിക അധ്യക്ഷനായി. ബി എൽ ബാബു രക്തസാക്ഷി പ്രമേയവും കെ എസ് സെന്തിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. പി എ പുരുഷോത്തമൻ, അനൂപ് ഡേവിസ് കാട, ടി സുധാകരൻ, വി കെ ഹാരിഫാബി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ എന്നിവർ പങ്കെടുക്കുന്നു. 11 ലോക്കലുകളിൽനിന്നായി ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 165 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രവർത്തന –- സംഘടനാ റിപ്പോർട്ടിൽ പൊതുചർച്ച ആരംഭിച്ചു. ചൊവ്വാഴ്ചയും ചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ പൂർത്തിയാക്കി പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
ബുധൻ വൈകിട്ട് നാലിന് പാട്ടുരായ്ക്കൽ സെന്ററിൽ നിന്ന് ചുവപ്പുസേനാ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി –-കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൂങ്കുന്നം ശിവക്ഷേത്ര മൈതാനം) നടക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..