15 November Friday

ആരോഗ്യ സർവേ 20 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
കാഞ്ഞങ്ങാട് 
ജില്ലയിൽ 30 വയസിന് മുകളിലുള്ള ജീവിതശൈലീ രോഗമുള്ളവരെ കണ്ടെത്താൻ ശൈലി രണ്ട് സർവേ 20 ന് തുടങ്ങുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്ദീപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ്‌ ശൈലി സർവേ.  ഏഴ് ലക്ഷം പേർ സർവേയിൽ ഉൾപ്പെടും. 
പ്രതിവർഷ ആരോഗ്യ സർവേയാണ് ശൈലി സർവേ. സർവേയിൽ പെടുന്നവർക്ക് എസ്എംഎസ് വഴി നിർദേശം നൽകും.  ഉൾപ്പെട്ട വ്യക്തികളുടെ പട്ടിക ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ലഭ്യമാക്കും.  പരിശോധനകൾക്കും മറ്റും ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മിഡ്‌ ലെവൽ സർവീസ് പ്രൊവൈഡർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ  ജനങ്ങളെ സഹായിക്കും. ആവശ്യമായ മെഡിക്കൽ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.  
സർവേയിൽ വ്യക്തികളുടെ രജിസ്‌ട്രേഷൻ  പൂർത്തിയായി. നടത്താത്തവർക്ക് ജനകീയാരോഗ്യകേന്ദ്രം മുഖേന പുതിയ രജിസ്‌ട്രേഷൻ നടത്താം. 
സമഗ്രമായ ആരോഗ്യ ഡാറ്റ ശേഖരിക്കുന്നതിലൂടെ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാനും  ആരോഗ്യ പരിപാടികളുടെ ഫലപ്രാപ്തി വിലയിരുത്താനും ആവശ്യമായ മേഖലകൾ തിരിച്ചറിയാനും സാധിക്കും.  
സർവേയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആരോഗ്യ ഓഫീസുമായി +91-467 220 3118 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ: dmohksd@gmail.com വാർത്താ സമ്മേളനത്തിൽ ഡോ. ബി സന്തോഷ്‌,   ഡോ. പ്രസാദ് തോമസ്,  അബ്ദുൾ ലത്തീഫ് മഠത്തിൽ,  പി വി മഹേഷ്‌ കുമാർ എന്നിവർ സംബന്ധിച്ചു.
ജീവിതശൈലി 
രോഗം വർധിക്കുന്നു
കാഞ്ഞങ്ങാട്‌ 
ജില്ലയിൽ ജീവിതശൈലി രോഗമുള്ളവർ വൻതോതിൽ വർധിക്കുന്നു.  അഞ്ചിൽ ഒരാൾക്ക് പ്രമേഹം, നാലിൽ ഒരാൾക്ക് രക്താതിമർദം എന്നിങ്ങനെ കണ്ടുവരുന്നതായി പഠനം തെളിയിക്കുന്നു. ജീവിതശൈലീ രോഗങ്ങളെ തുടർന്ന്‌  ഓറൽ ക്യാൻസർ, സ്‌താനർബുദം, ഗർഭാശയ മുഖക്യാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയും വ്യാപിക്കുന്നുണ്ട്‌.   
 ജീവിതശൈലീ രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി തടയാൻ  ആരോഗ്യവകുപ്പ്‌  രണ്ടാംഘട്ട സർവേക്ക്‌ ജില്ലയിൽ  അന്തിമ രൂപം നൽകി.  ആദ്യ സർവേയിൽ  67,707 ജീവിത ശൈലി രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി. അഞ്ചരലക്ഷം പേരിലാണ് അന്ന്‌ സർവേ നടത്തിയത്‌. 
ജില്ലയിൽ 700 ന്‌ മുകളിൽ ഡയാലിസിസ് രോഗികളുണ്ട്‌. ഡയാലിസിസിനായി ഭാരിച്ച ചെലവാണ്‌ ഓരോ കുടുംബത്തിനുമുണ്ടാവുന്നത്‌.  സർക്കാർ മേഖലയിൽ എഴും സ്വകാര്യമേഖലയിൽ 18 ഉം ഡയാലിസിസ്‌ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്‌. ഡയാലിസിസ്‌ കേന്ദ്രങ്ങൾ സ്ഥാപിച്ച്‌ പാവപ്പെട്ട രോഗികൾക്ക്‌ ആശ്വാസം നൽകാനുള്ള ശ്രമത്തിലാണ്‌ പഞ്ചായത്തുകൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top