22 November Friday

പരിപ്പായിയിൽ കണ്ടെത്തിയ സ്വർണം, വെള്ളി 
ശേഖരത്തിന്‌ 2 നൂറ്റാണ്ടിന്റെ പഴക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
തളിപ്പറമ്പ്‌ / ശ്രീകണ്‌ഠപുരം 
ചെങ്ങളായി പരിപ്പായിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന്‌ കണ്ടെത്തിയ സ്വർണം, വെള്ളി ആഭരണങ്ങൾക്ക്‌ രണ്ടുനൂറ്റാണ്ടിന്റെ പഴക്കമെന്ന്‌ പുരാവസ്‌തുവകുപ്പ്‌. പരിപ്പായി ഗവ. എൽപി സ്‌കൂളിന്‌ സമീപത്തെ റബർതോട്ടത്തിൽ കണ്ടെത്തിയ ആഭരണശേഖരം  1826നുശേഷം ഉള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. തളിപ്പറമ്പ് സബ് ട്രഷറിയിൽ സൂക്ഷിച്ച ഇവ കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ  കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയത്. 
   ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയിൽ പി പി താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്നാണ് തൊഴിലുറപ്പ്‌ തൊഴിലാളികൾ ആഭരണങ്ങൾ കണ്ടെത്തിയത്. കാശുമാല, മുത്തുമണികൾ,  ജിമിക്കിക്കമ്മൽ, നാണയങ്ങൾ എന്നിവ ചെമ്പുപാത്രത്തിൽ അടച്ചനിലയിലായിരുന്നു. കാശുമാലയാണ്  പ്രധാനപ്പെട്ടത്. 
വെനീഷ്യൻ ഡ്യുക്കറ്റ്  നാണയങ്ങൾകൊണ്ട് നിർമിച്ച 13 കാശുമാലകളുണ്ട്. 1650നും 1752നുമിടയിൽ വെനീസിലുള്ള മൂന്ന്‌  പ്രധാന ഡ്യൂക്കുകളുടെ (പ്രഭുക്കൾ) പേരിൽ നിർമിച്ചവയാണ് ഈ നാണയങ്ങൾ. ഇവ വിളക്കിച്ചേർത്താണ് കാശുമാലയാക്കിയത്.  കശുമാലയാക്കാത്ത നാല്‌ നാണയം, വീരരായൻ പണമെന്നറിയപ്പെടുന്ന സാമൂതിരിയുടെ വെള്ളി നാണയം, കണ്ണൂർപണം, അഞ്ചുതെങ്ങ് പണം എന്നറിയപ്പെടുന്ന ആലിരാജ കോയിൻ, പുതുച്ചേരി കോയിൻ എന്നറിയപ്പെടുന്ന  ഇൻഡോ ഫ്രഞ്ച് നാണയം എന്നിവയാണ് ലഭിച്ചവയിലുള്ളത്‌. ഇവയിൽ 1826ലെ അറയ്‌ക്കൽ വംശ സ്ഥാപകൻ ആലിരാജ നാണയമാണ് പഴക്കം കുറഞ്ഞത്‌. 
ഇതിന്റെ അടിസ്ഥാനത്തിൽ   198 വർഷംമുമ്പ് 1826 കാലഘട്ടത്തിലോ ശേഷമോ ചെമ്പുപാത്രത്തിൽ (ആമാടപ്പെട്ടി) അടച്ച് മണ്ണിൽ നിക്ഷേപിച്ചതാകാമെന്ന്  കെ  കൃഷ്ണരാജ് പറഞ്ഞു. 
   പരിശോധനാ  റിപ്പോർട്ട്‌ പുരാവസ്തുവകുപ്പ് ഡയറക്ടർക്ക് നൽകും. പിന്നീട്‌, ആഭരണങ്ങൾ തിരുവനന്തപുരത്തെ പുരാവസ്‌തു ട്രഷറിയിൽ സൂക്ഷിക്കും. ആമാടപ്പെട്ടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ സമ്പന്നരായ ഏതെങ്കിലും ആളുകൾ ഉപയോഗിച്ചതാകാം ആഭരണങ്ങളെന്ന്‌ കരുതുന്നു. 
ഇതുസംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ എത്താൻ ഇപ്പോൾ സാധിക്കില്ല. കൂടുതൽ പഠനം ആവശ്യമാണോയെന്ന് റിപ്പോർട്ട് നൽകിയതിനുശേഷം തീരുമാനിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top