22 December Sunday

മട്ടന്നൂരിന്റെ കൈമുദ്ര

രാഗേഷ്‌ കായലൂർUpdated: Thursday Jul 18, 2024

മട്ടന്നൂർ ഉദയ വോളി ബോൾ ടീം

മട്ടന്നൂർ 
വോളിബോൾ കോർട്ടിൽ കിടിലൻ സ്‌മാഷുമായി നാടിനെ ത്രസിപ്പിച്ച ഉദയ മട്ടന്നൂരിന്‌ അമ്പതാണ്ടിന്റെ  തിളക്കം. വോളി പ്രേമികളുടെ മനസ്സിലെന്നും ഇടിമുഴക്കമാണ്‌ ഉദയയെന്ന നാമം. ഇന്ത്യൻ വോളിക്ക്‌ എണ്ണമറ്റ താരങ്ങളെ സംഭാവന ചെയ്യുന്നതിൽ മുന്നിലാണ്‌  ഉദയ.  1973ൽ  മട്ടന്നൂരിലെ  വോളിബോൾ കളിക്കാരുടെ കൂട്ടായ്‌മയിൽ ഉദിച്ചുയർന്ന ഉദയക്ക്‌  പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ദേശീയ–-  അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുന്നതിലും മുൻപന്തിയിലായിരുന്നു. യൂസഫ്‌ മാസ്‌റ്റർ പ്രസിഡന്റും എൻ കെ ഗോപാലകൃഷ്‌ണൻ സെക്രട്ടറിയും ടി വി നാരായണൻ നമ്പ്യാർ ട്രഷററുമായാണ്‌ ജില്ലയിലെ നമ്പർവൺ ടീമിന്റെ ഉദയം. 
അഖിലേന്ത്യാ ടൂർണമെന്റുകളിലൂടെ ഉദയയുടെ ഖ്യാതി പടർന്നു. ജിമ്മി ജോർജ്‌ ഉൾപ്പെടെ നിരവധി താരങ്ങളാണ്‌ ഉദയയുടെ കോർട്ടിൽ മാസ്‌മരിക പ്രകടനം കാഴ്‌ചവച്ചത്‌. കെടിസി, പ്രീമിയർ ടയേഴ്‌സ്‌, സർവീസസ്‌, ടൈറ്റാനിയം, കേരള പൊലീസ്‌, കെഎസ്‌ഇബി, പോർട്ട്‌ ട്രസ്‌റ്റ്‌, ബിപിസിഎൽ, ഇന്ത്യൻ നേവി, കൊച്ചിൻ കസ്‌റ്റംസ്‌ തുടങ്ങിയ മുൻനിര ടീമുകളെല്ലാം ഉദയയുടെ ടൂർണമെന്റിനെത്തി. ജില്ലാ ലീഗിൽ നിരവധിതവണ ക്ലബ്‌ കപ്പുയർത്തി. സി നാരായണൻ, സർവീസസ്‌ താരം സഹജൻ, കളിക്കാരനും രാജ്യാന്തര വോളി റഫറിയുമായ പി കെ ജഗന്നാഥൻ, ടൈറ്റാനിയത്തിലെ നൗഷാദ്‌, കേരള പൊലീസിന്റെ ഇ വി ചന്ദ്രൻ, അശോകൻ, എ ഈസ, ഡൽഹി ഇലക്‌ട്രിസിറ്റി ബോർഡിന്റെ ഇ വി ജയരാജൻ, കർണാടക താരങ്ങളായ ടി പി റസാഖ്‌, കരീം, നിരവധി തവണ കേരള ജേഴ്‌സിയണിഞ്ഞ പി പി ഇബ്രാഹിം, ഇ സുധീർ,  ടി പി ബഷീർ, അന്തർ സർവകലാശാലാതാരം പ്രസാദ്‌ തുടങ്ങി  ഒട്ടേറെപേർ ഉദയയുടെ താരങ്ങൾ. സംസ്ഥാന താരം ജുനൈദാണ്‌ നിലവിൽ ക്യാപ്‌റ്റൻ. ഇടയ്‌ക്ക്‌ കളിക്കളത്തിന്റെ അഭാവത്തിൽ പ്രതാപത്തിന്‌ മങ്ങലേറ്റ ടീമിനെ കെ ശശീന്ദ്രൻ പ്രസിഡന്റും എം ശ്രീകുമാർ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ വീണ്ടും കുതിപ്പിലേക്കുയർത്തിയത്‌. ശശീന്ദ്രന്റെ നിര്യാണത്തെ തുടർന്ന്‌ എം സി കുഞ്ഞമ്മദിനാണ്‌ പ്രസിഡന്റിന്റെ ചുമതല. മട്ടന്നൂർ നഗരസഭ, ലയൺസ്‌ ക്ലബ്‌ എന്നിവയുടെ സഹകരണത്തോടെ  പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കോർട്ടിന്‌ ലഭ്യമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top