08 September Sunday

പനിയിൽ വലഞ്ഞ വയോധികന് 
കാവലായത് തെരുവുനായകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കൃഷ്‌ണ പൊതുവാളിന്‌ സമീപം തെരുവുനായകൾ കാവലിരുന്നപ്പോൾ

തളിപ്പറമ്പ്‌
പനി ബാധിച്ച്‌ അവശനിലയിലായ വയോധികന്‌ കാവലായത്‌ നഗരത്തിലെ ഒരുകൂട്ടം നായകൾ. വീട്ടുകാരെ ഉപേക്ഷിച്ച്‌ വർഷങ്ങളായി തളിപ്പറമ്പ്‌ നഗരത്തിൽ കഴിയുന്ന പയ്യന്നൂർ സ്വദേശി കൃഷ്‌ണ പൊതുവാളി (70)നാണ്‌ എട്ട്‌ നായകൾ കരുതലായത്‌. 
ചൊവ്വാഴ്‌ചയാണ്‌ കൃഷ്‌ണ പൊതുവാൾ പനിബാധിതനായി റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ വരാന്തയിൽ കിടന്നത്‌. കഴിഞ്ഞ പത്തുവർഷമായി കാർഡ്‌ ബോർഡുകൾ ശേഖരിച്ച്‌ വിറ്റുകിട്ടുന്ന തുകയിൽ ഭൂരിഭാഗവും ഇദ്ദേഹം തെരുവുനായകൾക്ക്‌ ഭക്ഷണംനൽകാനാണ്‌ ചെലവഴിച്ചിരുന്നത്‌. വിശ്രമമില്ലാതെ നടന്നിരുന്ന ഇദ്ദേഹം അവശനായി കിടക്കുന്നതുകണ്ടാണ് നായകൾ കൂട്ടിനെത്തിയത്. ബുധനാഴ്‌ച രാവിലെ ടിക്കറ്റ്‌ കൗണ്ടറിലെ ജീവനക്കാർ ഭക്ഷണവും മരുന്നുംനൽകി. എന്നാൽ നായകൾ ആക്രമിച്ചേക്കുമെന്ന ഭീതിയാൽ ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. 
മാധ്യമ പ്രവർത്തകൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ട്രാഫിക്‌ എസ്ഐ എം രഘുനാഥ് സിഎച്ച് സെന്റർ പ്രവർത്തകരുടെ സഹായത്തോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.  കൃഷ്‌ണ പൊതുവാളിനെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകുന്നതുകണ്ട് നായകൾ പിന്തുടരാൻ ശ്രമിച്ചത് ഏവരിലും നൊമ്പരക്കാഴ്‌ചയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top