തിരുവനന്തപുരം
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.
റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കണമെന്ന കോർപറേഷന്റെയും സർക്കാരിന്റെയും കത്തുകൾക്ക് മറുപടി നൽകാൻപോലും റെയിൽവേ തയ്യാറായില്ല. സുരക്ഷയ്‌ക്കാവശ്യമായ തയ്യാറെടുപ്പുകളില്ലാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് റെയിൽവേ ഇറക്കിവിട്ടതും. തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണിത്. ജോയിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സ്‌റ്റേഷനു മുന്നിൽ സമരം ഉദ്‌ഘാടനംചെയ്‌ത ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻസാജ് കൃഷ്‌ണ, എൽ എസ് ലിജു, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, ജോ. സെക്രട്ടറി ആർ ഉണ്ണികൃഷ്‌ണൻ, ടി എസ് രേവതി എന്നിവർ സംസാരിച്ചു.
റെയില്‍വേ അമിത അളവില്‍ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവര്‍: മേയര്‍
തിരുവനന്തപുരം
റെയിൽവേ അമിത അളവിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവരാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. മാലിന്യസംസ്കരണത്തിന് എന്തുമാർഗം സ്വീകരിക്കുന്നുവെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റെയിൽവേക്ക് മാലിന്യസംസ്കരണത്തിന് സംവിധാനമില്ലെന്നാണ് അറിയാൻകഴിയുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയരുതെന്നു പറയുന്ന അതേസമയത്താണ് റെയിൽവേ സ്റ്റേഷനുകളിൽ മാലിന്യം കുന്നുകൂടിയത്. കഴിഞ്ഞദിവസം കത്തുനൽകി ബുധനാഴ്ച സംയുക്തപരിശോധനയ്ക്ക് കോർപറേഷൻ സെക്രട്ടറി അനുമതി ചോദിച്ചെങ്കിലും റെയിൽവേ അതും നിഷേധിച്ചെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷനെതിരെ സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്. അപകടമുണ്ടായപ്പോൾ പോലും രാഷ്ട്രീയലാഭം ഉണ്ടാക്കാൻ നോക്കിയവരാണ് ബിജെപിയും യുഡിഎഫും. കോർപറേഷന്റെ ചുമതലകളിൽ പ്രധാനമായ ഒന്നാണ് മാലിന്യസംസ്കരണം. അത് കൃത്യമായി ചെയ്യുന്നുണ്ട്. വലിച്ചെറിയുന്നവർ സ്വയംതിരുത്തണം. മാലിന്യ നീക്കവും സംസ്കരണവും അംഗീകൃത ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നുമാസം കൂടുമ്പോൾ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഏജൻസികൾ കേന്ദ്രീകരിച്ച് പരിശോധന നടത്താറുണ്ട്.
കഴിഞ്ഞദിവസം നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ വിശദ റിപ്പോർട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മേയർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..