22 November Friday

റെയിൽവേ കണ്ണടച്ചാലും 
യാഥാർഥ്യം മായില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പവർ ഹൗസ് ജങ്ഷനിലെ 
ടിക്കറ്റ് കൗണ്ടറിനുസമീപം മാലിന്യം കൂട്ടിയിട്ടനിലയിൽ

തിരുവനന്തപുരം

സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക്‌ പവർഹൗസ്‌ റോഡിലെ ഗേറ്റിലൂടെ പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യുക വലിയൊരു മാലിന്യമലയാണ്‌. ഭക്ഷണത്തിന്റെ ഒഴിഞ്ഞ പാത്രങ്ങളും പ്ലാസ്റ്റിക്കും തുണിയും ചെളിയിൽ പുതഞ്ഞുകിടക്കുന്നു. റെയിൽവേ അനാസ്ഥയിൽ ആമയിഴഞ്ചാൻതോട്ടിലെ അഴുക്കിൽ സ്വപ്‌നങ്ങളെല്ലാം മുങ്ങിപ്പോയ ജോയിയും സഹതൊഴിലാളികളും കുറച്ചുദിവസംമുമ്പ്‌ വാരിയെടുത്തതാണിത്‌. മാലിന്യം തങ്ങളുടേതല്ലെന്ന്‌ ഇപ്പോഴും വാദിക്കുന്ന  റെയിൽവേയുടെ പ്ലാറ്റ്‌ഫോമിനടിയിലെ തോട്ടിൽനിന്ന്‌ നീക്കിയവ. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വരുംമുമ്പ്‌ സ്റ്റേഷൻ ശുചീകരിക്കാനുള്ള ശ്രമമാണ്‌.  

ഒഴുക്കിന്‌ തടസ്സമില്ലത്രെ 
ആമയിഴഞ്ചാൻതോട്‌ കടന്നുപോകുന്ന റെയിൽവേയുടെ ഭാഗത്ത് ഒഴുക്കിന് തടസ്സമില്ലെന്നാണ്‌ റെയിൽവേ വാദം. ജോയിയുടെ മരണശേഷം ഇറക്കിയ പത്രക്കുറിപ്പിലാണ്‌ ന്യായീകരണം. ഈ ഭാഗത്തുനിന്ന്‌ റെയിൽവേ നിശ്ചയിച്ച കരാറുകാർ കഴിഞ്ഞദിവസങ്ങളിൽ നീക്കിയത്‌ ഏകദേശം 50 ലോഡ്‌ മാലിന്യമാണ്‌. ഇതിൽ 29 ലോഡ്‌ പൂജപ്പുരയിലെ റെയിൽവേയുടെ ഡംപിങ്‌ യാർഡിലേക്ക്‌ മാറ്റി. ശേഷിച്ചതാണ്‌ റെയിൽവേയുടെ പിറകുവശത്തെ ടിക്കറ്റ്‌ കൗണ്ടറിന്‌ സമീപം കൂട്ടിയിട്ടിരിക്കുന്നത്‌. ജോയി അപകടത്തിൽപ്പെട്ട ദിവസവും രണ്ട്‌ ലോഡ്‌ മാലിന്യം ഇവിടേക്ക്‌ കൊണ്ടുപോയിരുന്നു. ടെൻഡറിലൂടെയാണ്‌ റെയിൽവേയുടെ മാലിന്യം നീക്കാൻ കരാറെടുത്തതെന്ന്‌ കരാറുകാരൻ ബിജു പറഞ്ഞു. ദിവസവും രാവിലെ 8.30 മുതൽ പകൽ 3.30 വരെ റെയിൽവേ മേൽനോട്ടത്തിലാണ്‌ മാലിന്യം നീക്കിയത്‌. എന്നാലും റെയിൽവേയുടെ ന്യായം ഇങ്ങനെ: ‘ജോയിയുടെ മരണത്തിൽ ഞങ്ങൾക്ക്‌ ഉത്തരവാദിത്വമില്ല’.  മാലിന്യസംസ്‌കരണത്തിന്‌ റെയിൽവേയ്ക്ക്‌ സ്വന്തമായി സംവിധാനമുണ്ടെന്നാണ്‌ അവർ പറയുന്നത്‌. എന്നിട്ടും എന്തേ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാനോ സംസ്‌കരിക്കാനോ തയ്യാറായില്ല എന്ന ചോദ്യം ബാക്കിയാണ്‌. 
50 ലോഡ്‌ മാലിന്യം നീക്കിയിട്ടും അഗ്നിരക്ഷാസേനയുടെ സ്‌കൂബാ സംഘത്തിന്‌ കട്ടകെട്ടിയ മാലിന്യം കാരണം രക്ഷാപ്രവർത്തനം നടത്താനാകുന്നുണ്ടായിരുന്നില്ല. 
 
 
കൊച്ചുവേളിയിലുണ്ട്‌ 
മാലിന്യമല 
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ മൂക്കുപൊത്താതെ പുറത്തുകടക്കാനാകില്ല. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിനുസമീപം മാലിന്യമല കാണാം. ദീർഘദൂരം ഉൾപ്പെടെ നിരവധി ട്രെയിനുകൾ ഓപ്പറേറ്റ്‌ ചെയ്യുന്ന സ്റ്റേഷനാണിത്‌. 
മാലിന്യം നീക്കണമെന്ന്‌ കോർപറേഷൻ നിരവധിതവണ നോട്ടീസ്‌ നൽകിയെങ്കിലും റെയിൽവേ അവഗണിച്ചപ്പോൾ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ്‌ നൽകി. ജോയിയുടെ മരണത്തിനുപിന്നാലെ മാലിന്യങ്ങൾ ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്‌.
 
"കറുത്തനിറത്തിലാണ് വെള്ളം'
തിരുവനന്തപുരം
"മൊത്തം മാലിന്യമാണ്, അതടിഞ്ഞുകൂടി കറുത്തനിറമാണ് വെള്ളത്തിന്. നിറയെ പുഴുവും. തുണിയും മദ്യക്കുപ്പികളും ഒരാൾ പൊക്കത്തിൽ പാളികളായി അടിഞ്ഞുകിടക്കുകയാണ്. നീന്തുമ്പോൾ തലയ്ക്ക് മുകളിലും ഓക്സിജൻ സിലിണ്ടറിലും പ്ലാസ്റ്റിക് കവറൊക്കെ കുടുങ്ങും. ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യമടക്കം ഇതിലേക്കാണ് ഒഴുക്കുന്നതെന്ന് തോന്നുന്നു. ട്രെയിനിൽനിന്ന് വേസ്റ്റ് കഴുകിയിറക്കുന്നതും ഇവിടെയാണ്. സെപ്ടിക് മാലിന്യമടക്കം ഇതിലേക്കാണ് ഒഴുക്കുന്നത്. ഞങ്ങൾ ഇതിൽ നിൽക്കുമ്പോഴും ഇത്തരം മാലിന്യം ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.' 
     ആമയിഴഞ്ചാൻ തോട്ടിൽ‌ കാണാതായ ജോയിയെ കണ്ടെത്താൻ മാലിന്യത്തിലേക്ക് ഇറങ്ങിയ അ​ഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമം​ഗം വിജിന്റെ വാക്കുകൾ. തമ്പാനൂർ ഭാ​ഗത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒരാൾ കുടുങ്ങിപ്പോയെന്നാണ് കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശം. അടിയന്തരസംഘം അവിടെ എത്തിയപ്പോഴാണ് സ്കൂബാ ടീമിന്റെ ആവശ്യമറിഞ്ഞത്. ഉടനെ ഞങ്ങൾ അഞ്ചുപേർ അവിടേക്ക് തിരിച്ചു. 
    കെട്ടുകണക്കിന് വേസ്റ്റാണ് ഓരോ തവണയും എടുത്ത്‌ പുറത്തേക്കിട്ടത്. വർഷങ്ങളായുള്ള വേസ്റ്റാണ്‌ ഇവിടെയുള്ളത്. അതിന്റെ ഇടയിലൂടെ നീന്തിയാണ് ഓരോ തവണയും പുറത്തേക്ക് വരുന്നത്. അകത്തുനിൽക്കുമ്പോൾ ഡീസലിന്റെ രൂക്ഷ​ഗന്ധവുമുണ്ടായിരുന്നു. രണ്ടുദിവസം മുഴുവൻ ഈ വെള്ളത്തിലായിരുന്നു. ഇത്തരമൊരു ദൗത്യം എനിക്കാദ്യമാണ്. 
ഇതിനുമുമ്പ് തൊടുപുഴയിലായിരുന്നു. ഈ ജോലിയോട് പ്രത്യേകമൊരു ആവേശവും സ്നേഹവുമാണ്. അതുകൊണ്ടാണ് ഒന്നും നോക്കാതെ ‍ഞങ്ങൾ ഇറങ്ങിത്തിരിച്ചതെന്ന് വിജിൻ പറയുന്നു.
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തെരച്ചിലിന്റെ ഭാ​ഗമായത് 13 സ്കൂബാ ഡൈവേഴ്സാണ്. ഒരുസമയത്ത് രണ്ടുപേർ വീതമാണ് ഇവിടെ മാൻഹോളിലും ടണലിലും ഇറങ്ങിയത്. ഏകദേശം 45 മിനിറ്റ് നേരമാണ് ഇവർ ടണലിനുള്ളിൽ പരിശോധിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top