അമ്പലപ്പുഴ
ദേശീയപാതയിൽ പുറക്കാട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. പൊട്ടിയ ചില്ല് തറച്ച് വലത് കൈക്ക് മുറിവേറ്റ ബസ് ഡ്രൈവർ ചേർത്തല വയലാർ പരപ്പേൽനികർത്തിൽ എം ജെ സലിയെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ യുവാക്കളാണ് കല്ലെറിഞ്ഞതെന്ന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബുധൻ പകൽ 11.20 ഓടെയായിരുന്നു സംഭവം. തോപ്പുംപടിയിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവസമയം ഈ ഭാഗത്തുകൂടി ബൈക്ക് കടന്നുപോയിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എതിർദിശയിൽ ലോഡ് കയറ്റി വന്ന ടോറസ് ലോറിയിൽനിന്ന് കല്ല് തെറിച്ച് ചില്ല് പൊട്ടിയതാകാമെന്ന് പൊലീസ് പറഞ്ഞു. ലോറി കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..